X

ബിജെപി ഹര്‍ത്താല്‍; മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ ആക്രമണം, 3 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

അഴിമുഖം പ്രതിനിധി

സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടങ്ങളിലും അക്രമം. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്‌. കൂടാതെ ഒറ്റപ്പാലത്ത് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. കൊച്ചിയില്‍ കേരളാബ്ലാസ്‌റ്റേഴ്‌സ് സഞ്ചരിച്ചിരുന്ന ബസിനെ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുകയും സദാന്ദപുരത്ത് കെഎസ്ആര്‍ടിബസിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. തിരുവനന്തപുരം കിഴക്കെകോട്ടയില്‍ ഡിവൈഎഫ്ഐ-യുടെ ആംബുലന്‍സ് തകര്‍ത്തു.

കോഴിക്കോട് ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്താ സംഘത്തെയാണ് ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്യാമറാമാന്‍ മഹേഷ്, ജനം ടിവിയുടെ ക്യാമറാമാന്‍ സുഗിത്ത്, ഡ്രൈവര്‍ മുകേഷ് എന്നിവരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിക്കുകയും ചെയ്തു.

തൃശൂരിലെ അക്രമത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ മധു മേനോന്‍, എസിവി ക്യാമറാമാന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തിരുവനന്തപുരത്ത് ഇന്ത്യന്‍ എക്‌സ്പ്രസിലെ കമല്‍നാഥ്, മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ എസ് ആര്‍ ജിതിന്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.

കോട്ടയത്ത് ബിജെപി നടത്തിയ മാര്‍ച്ചില്‍ നേരിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. പൊലീസിനു നേരെ കല്ലേറുണ്ടായി. പാലായില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കോട്ടയം നഗരത്തില്‍ സിപിഐ(എം)ന്റെ കൊടിമരം തകര്‍ത്തു. കൊല്ലം കരുനാഗപ്പള്ളിയിലെ തഴവയില്‍ ഒരു ഡോക്ടറുടെ കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ച് തകര്‍ത്തു.

This post was last modified on December 27, 2016 2:23 pm