X

ചൈനീസ് ഉത്പന്ന ബഹിഷ്‌കരണം ശരിയല്ലെന്നു കേന്ദ്രമന്ത്രി

അഴിമുഖം പ്രതിനിധി

ചൈനീസ് ഉത്പന്നങ്ങളോടുള്ള അപ്രഖ്യാപിത ബഹിഷ്‌കരണ നിലപാട് നല്ലതല്ലെന്ന് വാണിജ്യവകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ചില മേഖലകളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണെന്നും ചൈനീസ് ഉല്‍പ്പന്നങ്ങളോടുള്ള അപ്രഖ്യാപിത ബഹിഷ്‌കരണ നിലപാട് ശരിയായ രീതിയല്ലെന്നും വാണിജ്യവകുപ്പ് മന്ത്രി പറഞ്ഞു. ഒരു രാജ്യത്തിന്റെ ചില നടപടികള്‍ ഇഷ്ടമാല്ലാത്തത്, ആ രാജ്യത്തില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ മാത്രമുള്ള മതിയായ ഒരു കാരണമല്ല. എന്നാല്‍ നമ്മള്‍ക്ക് ആവശ്യമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാം. അങ്ങനെ ഒഴിവാക്കാന്‍ ശരിയായ വഴികളുണ്ടെന്നും മന്ത്രി പറഞ്ഞു.

പാക്കിസ്ഥാന്‍ ആസ്ഥാനമായി ഇന്ത്യക്കെതിരെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ ചൈനയ്ക്ക് കാര്യമായ പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഉറി ഭീകരാക്രമണത്തിനു ശേഷവും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാട് ചൈന സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

കൂടുതലും സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന വാദത്തിന് ശക്തി പകരുകയും ചെയ്തു. പക്ഷെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയെന്നത് പ്രായോഗികമായി നടക്കുന്ന കാര്യമല്ല.

കാരണം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി രണ്ടു വര്‍ഷത്തിനിടെ 20 ശതമാനത്തോളമാണ് വളര്‍ന്നിരിക്കുന്നത്. 2015-16 ലെ കണക്കനുസരിച്ച് 61.7 ബില്ല്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ചൈനയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. തിരിച്ച് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് വെറും 9 ബില്ല്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളെ കയറ്റുമതി ചെയ്യുന്നുള്ളൂ.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കൂട്ടത്തോടെ ബഹിഷ്‌കരിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുവെന്ന വാര്‍ത്ത ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. ഇന്ത്യ ഔദ്യോഗികമായി ചൈനീസ് ഉല്‍പ്പന്നങ്ങളെ വിലക്കാത്തതിനാല്‍ ചൈനയ്ക്ക് ഇക്കാര്യത്തില്‍ ഒന്നും നേരിട്ട് പറയാനാകില്ല.

ഉല്‍പ്പന്ന ബഹിഷ്‌കരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് ചൈനയുടെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പ് തന്നിരുന്നു.ഏതായാലു പൂര്‍ണ ബഹിഷ്‌കരണം എന്നത് നടപ്പുള്ള കാര്യമല്ല. എന്നാല്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പതിയെ കുറയ്ക്കുവാന്‍ സാധിക്കും.

This post was last modified on December 27, 2016 2:23 pm