X

ഡിസ്‌നി ലാന്‍ഡ് സന്ദര്‍ശിക്കാനെത്തിയ മുസ്ലിം കുടുംബത്തെ അമേരിക്കയില്‍ നിന്നു തിരിച്ചയച്ചു

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ലോകത്തിന്റെ പല ഭാഗത്തു നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ട്രംപ് തന്റെ പ്രസ്താവനയിലൂടെ രാജ്യത്ത് നേടിയെടുത്തതാകട്ടെ കൂടുതല്‍ ജനപ്രിയതയും. മുസ്ലിം എന്നാല്‍ ഭീകരതയാണെന്ന പൊതുബോധം അമേരിക്കന്‍ ജനതയുടെ മനസില്‍ വേരുപിടിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ട്രംപിനെപ്പോലുള്ളവര്‍ക്ക് കിട്ടുന്ന പിന്തുണ. അമേരിക്കയുടെ മുസ്ലിം വിരുദ്ധ മനോഭാവത്തിന്റെ പുതിയ ഇരകള്‍ ആ രാജ്യത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ബ്രിട്ടനില്‍ നിന്നു തന്നെയാണ്.

മുഹമ്മദ് താരിഖ് മഹമ്മൂദ്, സഹോദരന്‍ മുഹമ്മദ് സാഹിദ് മഹമ്മൂദ് എന്നിവര്‍ക്കും കുടുംബത്തിനുമാണ് അമേരിക്കയില്‍ യാത്ര അനുമതി കിട്ടാതെ നാട്ടിലേക്കു തിരിച്ചുപോരേണ്ടി വന്നത്. എട്ടിനും പത്തൊമ്പതിനും ഇടയിലുള്ള ഒമ്പതു കുട്ടികളും അടങ്ങുന്ന ഫാമിലി ട്രിപ്പായിരുന്നു മുഹമ്മദ് സഹോദരന്മാര്‍ പ്ലാന്‍ ചെയ്തിരുന്നത്. ഡിസ്‌നി ലാന്‍ഡ് കാണുകയായിരുന്നു പ്രധാന ലക്ഷ്യം. അമേരിക്കയില്‍ എത്തിയ ഇവരെ ഒരു വിശദീകരണത്തിനു പോലും നില്‍ക്കാതെ തിരികെ അയക്കുകയായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. 

അമേരിക്കയില്‍ നടന്നിരിക്കുന്ന ഭീകാരാക്രമണങ്ങളുടെ പേരിലായിരിക്കാം അവര്‍ ഞങ്ങളെയും തടഞ്ഞത്. അവരുടെ വിചാരം എല്ലാ മുസ്ലിങ്ങളും ഭീകരരാണെന്നാണ്, മുഹമ്മദ് താരിഖ് ഈ സംഭവത്തില്‍ പ്രതികരിച്ചത്. സൗത്ത് കാലിഫോര്‍ണിയായിലുള്ള കസിന്‍സിനെ സന്ദര്‍ശിക്കാന്‍ പോലും തന്റെ കുട്ടികള്‍ക്കു അവസരം ലഭിച്ചില്ല. ഡിസ്‌നി ലാന്‍ഡും യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുമൊക്കെ സന്ദര്‍ശിക്കണമെന്നു ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഞങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ നിര്‍ബന്ധമായും തിരികെ കൊണ്ടുപോകണമെന്നും അവര്‍ ശഠിച്ചു. എയര്‍പോര്‍ട്ട് വരെ അവര്‍ ഞങ്ങള്‍ക്കൊപ്പം വന്നു. ജീവിതത്തില്‍ ഇത്രത്തോളം അപമാനിക്കപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ല. മാസങ്ങളോളം സ്വരുക്കൂട്ടിവച്ചതില്‍ നിന്നാണ് വിമാനക്കൂലിപോലും ഉണ്ടാക്കിയത്. ഒമ്പതിനായിരം യൂറോ ഞങ്ങള്‍ക്ക് വിമാനക്കൂലിയിനത്തില്‍ ചെലവായി. ഇതു ഞങ്ങള്‍ക്ക് തിരിച്ചുകിട്ടുമോയെന്നും അറിയില്ല; മുഹമ്മദ് താരിഖ് പറയുന്നു.

അതേസമയം ബ്രിട്ടീഷ് പൗരന്മാര്‍ക്ക് അമേരിക്കയില്‍ അനുഭവിക്കേണ്ടി വന്ന അപമാനം ലേബര്‍ പാര്‍ട്ടി എം പി സ്റ്റെല്ല ക്രീസി രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ഈ സംഭവം വിവരിച്ചു അവര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും കത്ത് എഴുതിയിട്ടുണ്ട്. മതത്തിന്റെ പേരില്‍ പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഇത്തരം സംഭവങ്ങളില്‍ വിശദകീരണം നല്‍കണമെന്നാണു സ്റ്റെല്ല ക്രീസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

This post was last modified on December 27, 2016 3:32 pm