X

എഫ് ടി ഐ ഐ സമരം; മലയാളികളടക്കം 35 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

അഴിമുഖം പ്രതിനിധി

പുണെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രാബെയെ ഘരാവോ ചെയ്ത സംഭവത്തില്‍ ഏഴു മലയാളികള്‍ അടക്കം 35 വിദ്യാര്‍ഥികള്‍ക്ക് എതിരെ പുണെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എഫ് ടി ഐ ഐ അധ്യക്ഷനായി ഗജേന്ദ്ര ചൗഹനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന സമരത്തിനിടയിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറെ ഇവര്‍ ഘൊരാവോ ചെയ്തത്. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപത്തിന് പ്രേരിപ്പിക്കല്‍, ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. തൃശൂര്‍ സ്വദേശികളായ അജയന്‍ അടാട്ട്, രഞ്ജിത് നായര്‍, കണ്ണൂര്‍ സ്വദേശികളായ ജെ.കെ. ഷിനി, ജിതിന്‍ ദാസ്, കോഴിക്കോട് സ്വദേശി ഷാനെറ്റ് ഷിജൊ, കൊല്ലം സ്വദേശി അന്‍വര്‍ ശംസുദ്ദീന്‍, തിരുവനന്തപുരം സ്വദേശി നിവാസി ഹിലാല്‍ സവാദ് എന്നിവരാണ് കേസിലെ മലയാളികള്‍. നേരത്തേ മുന്‍കൂര്‍ ജാമ്യം നേടിയ 12 പേര്‍ക്കും കഴിഞ്ഞ ദിവസം പുതുതായി പ്രതിചേര്‍ക്കപ്പെട്ട 18 പേര്‍ക്കും പുണെ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം കിട്ടി. കേസിലെ അടുത്ത വാദം ഏപ്രില്‍ രണ്ടിനു കേള്‍ക്കും.

കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതിയില്‍ ഗജേന്ദ്ര ചൗഹാനെ അധ്യക്ഷനും മറ്റു നാലുപേരെ അംഗങ്ങളും ആക്കിയതില്‍ പ്രതിഷേധിച്ച് സമരം നടന്നത്. 139 ദിവസം നീണ്ടു നിന്ന സമരം ഒതുക്കുന്നതിന്റെ ഭാഗമായി 2008 ബാച്ചിലെ വിദ്യാര്‍ഥികളെ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് നീക്കംചെയ്യാന്‍ കേന്ദ്രം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഓഗസ്റ്റ് 17ന് വിദ്യാര്‍ഥികള്‍ ഡയറക്ടറെ ഘരാവോ ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെ തടഞ്ഞെന്നും ഓഫിസ് ആക്രമിച്ചെന്നും ഡയറകടര്‍ പ്രശാന്ത് പത്രാബെ പുണെ പൊലീസിന് പരാതി നല്‍കി. പരാതിയുടെ പുറത്ത് 17 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലായി അര്‍ധരാത്രിയില്‍ കാമ്പസില്‍ കയറി അഞ്ചു വിദ്യാര്‍ത്ഥകളെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കേസില്‍ ഉള്‍പ്പെട്ട 12 പേര്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു. ഇതേ സംഭവത്തില്‍ 18 പേരെ കൂടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് പ്രതിചേര്‍ത്തത്.

This post was last modified on December 27, 2016 3:55 pm