X

ജെഎന്‍യു; കനയ്യ, ഉമര്‍, അനിര്‍ബന്‍ എന്നിവരടക്കം അഞ്ചുപേരെ പുറത്താക്കാന്‍ ശുപാര്‍ശ

അഴിമുഖം പ്രതിനിധി

ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവരടക്കം അഞ്ചു വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ. ഫെബ്രുവരി ഒമ്പതിന് സര്‍വകലാശാല കാമ്പസില്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഉന്നതാധികാര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് കനയ്യ അടക്കമുള്ള അഞ്ചുപേരെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സമിതിയുടെ ഐക്യകണ്‌ഠേനയുള്ള കണ്ടെത്തലില്‍ ഇവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിക്കു ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

നാലു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാനും മറ്റു ചിലര്‍ക്ക് പിഴ വിധിക്കാനും സമിതിയുടെ ശുപാര്‍ശയിലുണ്ട്. ആകെ 21 വിദ്യാര്‍ത്ഥികളെയാണ് സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ സര്‍വകാശാല തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതായി വ്യക്തമാക്കുന്നതായി സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.

അന്വേഷണ സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം ജദഗീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡീന്‍സ് കമ്മിറ്റി യോഗത്തില്‍ കനയ്യ അടക്കമുള്ള അഞ്ചു വിദ്യാര്‍ത്ഥികളോട് കാമ്പസില്‍ നിന്നു പുറത്തുപോകാനും അവരുടെ പഠനം നിര്‍ത്താനും ആവശ്യപ്പെടാനും നാലു വിദ്യാര്‍ത്ഥികളെ സസ്പന്‍െഡ് ചെയ്യാനും അവരോട് ഹോസ്റ്റല്‍ ഒഴിയാനും ആവശ്യപ്പെടാനും തീരുമാനം എടുത്തതായി സര്‍വകലാശാലകേന്ദ്രങ്ങള്‍ പറയുന്നു. ഇക്കാര്യത്തിലെ അന്തിമതീരുമാനം വൈസ് ചാന്‍സലറും ചീഫ് പ്രോക്ടര്‍ എ ദിമ്രിയും ചേര്‍ന്ന് കൈക്കൊള്ളുമെന്ന് അറിയുന്നു. കാരണം കാണിക്കല്‍ നോട്ടിസിനുള്ള വിദ്യാര്‍ത്ഥികളുടെ മറുപടി കിട്ടിയശേമായിരിക്കും നടപടി സ്വീകരിക്കുക.

കാമ്പസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഫെബ്രുവരി 10 നാണ് വി സി യുടെ നിര്‍ദേശാനുസരണം ഒരു ഉന്നതാധികാര സമിതിയെ നിയമിക്കുന്നത്. ഈ സമതി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ട് മാര്‍ച്ച് 11 ന് സമര്‍പ്പിക്കപ്പെട്ടു. ആദ്യം ഫെബ്രുവരി 26 നും പിന്നീട് മാര്‍ച്ച് മൂന്നിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശമെങ്കിലും വീണ്ടും സമയം നീട്ടിക്കൊടുക്കുകയായിരുന്നു. ഇതിനിടയില്‍ സമതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ എട്ടു വിദ്യാര്‍ത്ഥികളെ ഡിബാര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്.

ഇപ്പോള്‍ നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ 21 വിദ്യാര്‍ത്ഥികള്‍ക്കും മൂന്നു ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. അതേസമയം അന്വേഷണ സമിതിയുടെ മുന്‍പാകെ ഹാജരാകാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അവരെ ഹിയറിംഗ് നടതത്താതെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതെന്ന് സര്‍വകലാശാല കേന്ദ്രങ്ങള്‍ പറയുന്നുണ്ട്.

ഉന്നതാധികാര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പൊതുജനത്തിനു മുന്നില്‍ പ്രസിദ്ധപ്പെടുത്താന്‍ സര്‍വകലാശാല തയ്യാറാകണമെന്നാണ് എബിവിപി ആവശ്യപ്പെടുന്നത്. കുറ്റവാളികള്‍ ഒരു തരത്തിലുള്ള ദയയ്ക്കും അര്‍ഹരല്ലെന്നും എബിവിപി കുറ്റപ്പെടുത്തുന്നു.

This post was last modified on March 15, 2016 8:18 am