പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം മൈ സ്റ്റോറിയുടെ മേക്കിംഗ് വീഡിയോയ്ക്കെതിരെ ഫേസ്ബുക്കില്‍ ഡിസ് ലൈക് കാംപെയിന്‍. കേരള അന്താരാഷ്ട്ര ചലചിത്രോല്‍സവ (ഐ എഫ് എഫ് കെ) വേദിയില്‍ മമ്മൂട്ടി നായകനായ കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ പാര്‍വതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് മേക്കിംഗ് വീഡിയോക്ക് ഡിസ്ലൈക്ക് നല്‍കി പ്രതിഷേധിക്കുന്നത്. ഇന്നലെ പുറത്ത് വിട്ട വീഡിയോക്കെതിരെ വന്‍ ഡിസ് ലൈക്ക് ക്യാമ്പയിന്‍ ആണ് നടക്കുന്നത്. 28000 ആളുകളാണ് വീഡിയോ ഇതിനോടകം ഡിസ്‌ലൈക്ക് ചെയ്തത്.
യൂട്യൂബിലെ വീഡിയോക്ക് അടിയില്‍ നടി പാര്‍വതിക്കെതിരെ തെറിവിളികളും വിമര്‍ശനങ്ങളും നടത്തുന്നുണ്ട്. മമ്മൂട്ടിയെ വിമര്‍ശിച്ചു എന്ന് പറഞ്ഞ് പാര്‍വതിക്കെതിരെ ദിവസങ്ങളോളം നടന്ന അസഭ്യവര്‍ഷവും വധ, ബലാത്സംഗ ഭീഷണികള്‍ക്കും പാര്‍വതിയെ അനുകൂലിച്ചും എതിര്‍ത്തുമുള്ള സോഷ്യല്‍മീഡിയ ചര്‍ച്ചകള്‍ക്കും പാര്‍വതിയുടെ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയുമെല്ലാം ചെയ്തിരിക്കുന്നതിന് ഇടയിലാണ് ഈ ഡിസ് ലൈക്ക് കാംപെയിന്‍.
ഇതിനുമുമ്പ് പേളിയും ജെപിയും പാടി അഭിനയിച്ച “തേങ്ങാക്കൊല, മാങ്ങാത്തൊലി” എന്ന പാട്ടിനാണ് യു ട്യുബില്‍ കൂടതല്‍ ഡിസ് ലൈക് ലഭിച്ചിട്ടുള്ളത്. മേക്കിംഗ് വീഡിയോ പൃഥിരാജും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനടിയിലും മോശം പരാമര്‍ശമാണ് പാര്‍വതിക്ക് നേരെയുള്ളത്. നവാഗതയായ റോഷ്‌നി ദിനകറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തൊണ്ണൂറുകളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്. സംഗീതം ഷാന്‍ റഹ്മാന്‍.
This post was last modified on January 4, 2018 11:57 am
Leave a Comment