X

പാപ്പാളി കുടുംബത്തെ അപമാനിച്ചു ; ‘വരത്തന്‍’ പ്രദര്‍ശനം നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

സിനിമയുടെ സംവിധായകന്‍ അമല്‍ നീരദ്, നിര്‍മ്മാതാവ് നസ്രിയ നസിം, തിരക്കഥ എഴുതിയ സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കെതിരെയാണ് പരാതി.

മികച്ച അഭിപ്രായം നേടിയ ഫഹദ്- അമല്‍ നീരദ് ചിത്രം വരത്തന്‍ നെതിരെ പരാതിയുമായി കൊച്ചിയിലെ പാപ്പാളി കുടുംബാംഗങ്ങള്‍. കുടുംബത്തെ സിനിമയിലൂടെ മോശമായി ചിത്രീകരിച്ചു എന്ന് കാണിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസയച്ചിരിക്കുകയാണ് പാപ്പാളി കുടുംബം.

സിനിമയുടെ സംവിധായകന്‍ അമല്‍ നീരദ്, നിര്‍മ്മാതാവ് നസ്രിയ നസിം, തിരക്കഥ എഴുതിയ സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കെതിരെയാണ് പരാതി. ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ട് എറണാകുളം മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകരായ രാജേഷ് കെ. രാജു, വി.ആര്‍ രാകേഷ്, എന്നിവര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തവരുടെ കുടുംബപ്പേരായി ഉപയോഗിച്ചത് പാപ്പാളി എന്ന പേരായിരുന്നു. സംസ്ഥാനം ഒട്ടാകെ അറിയപ്പെടുന്ന അനേകം വ്യക്തിത്വങ്ങളുളള കുടുംബത്തെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സിനിമയില്‍ കുടുംബത്തിന്റെ പേര് ഉപയോഗിച്ചുവെന്നാണ് പരാതി. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല എന്ന പ്രസ്താവന വരത്തന്‍ സിനിമയില്‍ നല്‍കിയിട്ടില്ലെന്നും അതിനാല്‍ കുടുംബ പേര് കളങ്കപ്പെടാന്‍ ഇത് കാരണമായെന്നും പരാതില്‍ ചൂണ്ടിക്കാട്ടുന്നത്.

സിനിമ യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥയെന്ന് ചില മാധ്യമ റിപോര്‍ട്ടുകളും പരാതിയില്‍ ചൂണ്ടികാട്ടുന്നു.ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ തൃപ്പൂണിത്തുറ സ്വദേശി സുഹാസിന് പാപ്പാളി കുടുംബത്തെ വ്യക്തമായി അറിയാമെന്നും പാപ്പാളി എന്ന പേര് സിനിമയില്‍ മനപൂര്‍വം ഉപയോഗിച്ചതാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം എറണാകുളം സ്വദേശിയണെങ്കിലും പാപ്പാളി കുടുംബത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും സിനിമ സാങ്കല്‍പിക കഥയാണെന്നും ആണ് സുഹാസിന്റെ പ്രതികരണം.

സെപ്റ്റംബര്‍ 20 ന് പുറത്തിറങ്ങിയ വരത്തൻ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതിയില്‍ വെള്ളിയാഴ്ച്ച കേസില്‍ വാദം കേള്‍ക്കും.

വരത്തൻ വാഴ്ത്തപ്പെടട്ടെ, എന്നാൽ കാണണം ഷാനവാസ് ബാവക്കുട്ടിയുടെ കണ്ണേറും