X

വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ല; സിപിഐക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

എല്‍ഡിഎഫ് സർക്കാർ മുൻ യുഡിഎഫ് സർക്കാരിനെ പോലെയെന്ന് വരുത്താൻ ചിലര്‍ ശ്രമിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താൽപര്യത്തിലല്ല - പിണറായി പറഞ്ഞു.

വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. എതിർ പ്രചാരണങ്ങൾ ശരിയല്ല. കേരളത്തിലെ മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നാണ് പിണറായി ഇപ്പോള്‍ പറയുന്നത്. സര്‍ക്കാരിനെതിരെ നിരന്തരം വിമർശനങ്ങളുന്നയിക്കുന്ന സിപിഐക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. എല്‍ഡിഎഫ് സർക്കാർ മുൻ യുഡിഎഫ് സർക്കാരിനെ പോലെയെന്ന് വരുത്താൻ ചിലര്‍ ശ്രമിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താൽപര്യത്തിലല്ല – മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരെ തടയേണ്ടതുണ്ട്. എന്നാൽ ഇതിന് ചുമതലപ്പെട്ടവരും മറിച്ചു നിലപാടെടുക്കുന്നുവെന്നും സിപിഐയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും പേരെടുത്ത് പറയാതെ പിണറായി വിമർശിച്ചു. വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവരങ്ങള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത ഇടതുമുന്നണിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചില മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പിലാക്കിയ ശേഷമേ പുറത്തറിയിക്കേണ്ടതുള്ളൂ എന്ന പിണറായി വിജയന്റെ നിലപാടിനോട് വിയോജിച്ചായിരുന്നു കാനം ഇക്കാര്യം പറഞ്ഞത്.