X

സിപിഐ 22-ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

അഴിമുഖം പ്രതിനിധി

സിപിഐ 22-ാം പാർട്ടി കോൺഗ്രസിന് അല്പസമയത്തിനകം പുതുച്ചേരിയിൽ തുടക്കമാകും.  രാവിലെ പത്തിന്‌ സുബ്ബയ്യ നഗറിൽ മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ എ ബി ബർധൻ പതാക ഉയർത്തുന്നതോടെയാണ്‌ പാർട്ടി കോൺഗ്രസ്‌ ഔപചാരികമായി ആരംഭിക്കുക. 11 മണിക്ക്‌ ജനറൽ സെക്രട്ടറി എസ്‌ സുധാകർ റെഡ്ഡി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ദേശീയ നേതാക്കൾ അണിനിരക്കുന്ന ഉദ്ഘാടന സമ്മേളനം ഇടതുപക്ഷ ഐക്യത്തിന്റെ ആഹ്വാനം കൂടിയായി തീരും.

സിപിഎം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, ഫോർവേർഡ്‌ ബ്ലോക്ക്‌ നേതാവ്‌ ദേബബ്രത ബിശ്വാസ്‌, ആർഎസ്പി നേതാവ്‌ അബനി റോയ്‌, സിപിഐഎംഎൽ നേതാവ്‌ ദീപാന്തർ ഭട്ട്‌, എസ്‌യുസിഐ നേതാവ്‌ പ്രവോഷ്‌ ഘോഷ്‌ എന്നിവരാണ്‌ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത്‌ പാർട്ടികോൺഗ്രസിനെ അഭിവാദ്യം ചെയ്യുന്നത്‌. തുടർന്ന്‌ ജനറൽ സെക്രട്ടറി എസ്‌ സുധാകർ റെഡ്ഡി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. അതിന് ശേഷം പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതുചർച്ച, ഗ്രൂപ്പ്‌ ചർച്ചകൾ എന്നിവ നടക്കും. ശനിയാഴ്ച റിപ്പോർട്ട്‌ സമ്മേളനം അംഗീകരിക്കും. ഞായറാഴ്ച ലക്ഷത്തിലധികം പേർ അണിനിരക്കുന്ന റാലിയോടെയാണ്‌ പാർട്ടി കോൺഗ്രസ്‌ സമാപിക്കുക. ശിങ്കാരവേലു ചെട്ടിയാർ നഗറിൽ (പുതുച്ചേരി ബീച്ച്‌) നടക്കുന്ന റാലിയിൽ എ ബി ബർധൻ, എസ്‌ സുധാകർ റെഡ്ഡി, ഡി രാജ, അതുൽ കുമാർ അഞ്ജാൻ, ആർ വിശ്വനാഥൻ, എൻ കലൈനാഥൻ തുടങ്ങിയവർ പ്രസംഗിക്കും.

28 വരെയുള്ള എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഭൂപേഷ്‌ ഗുപ്ത, സി കെ ചന്ദ്രപ്പൻ എന്നിവരുടെ നാമധേയങ്ങളിലുള്ള വേദികളിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവ നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എണ്ണൂറോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

This post was last modified on December 27, 2016 2:54 pm