X

വിവാദ ട്വീറ്റ്; വി.കെ. സിംഗിനെ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു

അഴിമുഖം പ്രതിനിധി

വിവാദ ട്വീറ്റുകളുടെ പശ്ചാത്തലത്തില്‍ വിദേശകാര്യ സഹമന്ത്രി വികെ സിംഗിനെ വിളിച്ച് വരുത്തി പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു. പാക്കിസ്ഥാന്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ അടിസ്ഥാനത്തിലാണു പ്രധാനമന്ത്രിയുടെ നടപടി. വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും അനാവശ്യവിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചെന്നും പ്രധാനമന്ത്രി വി.കെ സിംഗിനോടു പറഞ്ഞു.

തിങ്കളാഴ്ച ഡല്‍ഹിയിലെ പാക് എംബസിയില്‍ നടന്ന ചടങ്ങിന് ശേഷമുള്ള വികെ സിംഗിന്റെ ചെയ്തികള്‍ വിവാദമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുത്ത വി.കെ. സിംഗ് പിന്നീട് അതിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് വിവാദമായത്.

ചടങ്ങില്‍ പത്തു മിനിറ്റ് മാത്രമാണു സിംഗ് പങ്കെടുത്തത്. മറ്റു വിശിഷ്ടാതിഥികളുമായി സംസാരിക്കാന്‍ പോലും നില്‍ക്കാതെ സിംഗ് മടങ്ങുകയും ചെയ്തു. തന്റെ ജോലിയുടെ ഭാഗമായാണു ആഘോഷത്തിനു പോയതെന്നും തൃപ്തിയോടെയല്ലായിരുന്നുവെന്നും ചടങ്ങ് മനം മടുപ്പിക്കുന്നതായിരുന്നെന്നുമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

മന്ത്രിയുടെ നടപടി നയതന്ത്രതലത്തില്‍ വലിയ വിമര്‍ശനത്തിനു കാരണവുമായി. കേന്ദ്രസര്‍ക്കാരിന് ഒരു സഹമന്ത്രിയെ ചടങ്ങിന് അയയ്ക്കണമായിരുന്നു. അവരെന്നെയാണ് അയച്ചത്. ഞാന്‍ അവിടെ ചെന്ന ശേഷം തിരികെ പോയി. വിവാദത്തെക്കുറിച്ചു മന്ത്രിയുടെ പ്രതികരണം ഇതായിരുന്നു.

This post was last modified on December 27, 2016 2:54 pm