X

താന്‍ ശൈലി മാറ്റിയിട്ടില്ല: പിണറായി

അഴിമുഖം പ്രതിനിധി

ആര് മുഖ്യമന്ത്രിയാകുമെന്നത് തന്റെ പ്രശ്‌നമല്ലെന്നും താന്‍ ശൈലിയൊന്നും മാറ്റിയിട്ടില്ലെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനുവേണ്ടി പിണറായി പ്രതിച്ഛായ മാറ്റത്തിന് ശ്രമിക്കുന്നുവെന്ന ചര്‍ച്ചകള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നവകേരളാ മാര്‍ച്ച് സുധീരന് അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി പറഞ്ഞു. അതിനാലാണ് അദ്ദേഹം യാത്രയെ വിമര്‍ശിച്ചത്. സുധീരന്റെ ഇവന്റ് മാനേജ്‌മെന്റ് പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും ജാഥയെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന പരാമര്‍ശം പരിതാപകരമാണെന്നും പിണറായി പറഞ്ഞു.

ലാവ് ലിനില്‍ സുധീരന്റെ ഉപദേശത്തിന് നന്ദിയെന്ന് മാത്രം പിണറായി പ്രതികരിച്ചു. ഈ വിഷയം ഉണ്ടായപ്പോള്‍ നാട്ടില്‍ എല്ലാവരും പ്രതികരിച്ചു കഴിഞ്ഞു. എല്ലാ പ്രതികരണങ്ങളും സര്‍ക്കാരിന് എതിരാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഈവിഷയത്തില്‍ താന്‍ പണ്ടേ പ്രതികരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യായമായ കാര്യങ്ങള്‍ക്ക് പ്രക്ഷോഭങ്ങള്‍ നടത്താവുന്നതാണ്. അനാവശ്യമായ കാര്യങ്ങള്‍ക്ക് ഞങ്ങള്‍ പ്രക്ഷോഭം നടത്തിയിട്ടില്ലെന്നും പിണറായി പറഞ്ഞു.

പഠന കോണ്‍ഗ്രസില്‍ നാടിന്റെ കുറവുകളാണ് ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കംപ്യൂട്ടര്‍ ജോലി നഷ്ടം ഉണ്ടാക്കുമെന്നതു കൊണ്ടാണ് എതിര്‍ത്തത്. അന്നത്തെ സാഹചര്യം അതായിരുന്നു. ടെക്‌നോപാര്‍ക്കില്‍ വലിയ തോതില്‍ തുടര്‍ച്ചയായ വികസനം നടന്നില്ല. കെല്‍ട്രോണ്‍ തകര്‍ന്നുവെന്നും പിണറായി ആരോപിച്ചു. ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാള മനോരമ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കംപ്യൂട്ടറിനെ സിപിഐഎം എതിര്‍ത്തിരുന്നു എന്ന് പറഞ്ഞ് വിമര്‍ശിച്ചിരുന്നു.

എന്‍ഡോസള്‍ഫാന്‍ വിഷയം ഉയര്‍ന്നു വന്നപ്പോള്‍ അധികാരത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് ഇടപെട്ടിരുന്നുവെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദിവസം നവകേരള യാത്രയുടെ മുന്നോടിയായി അദ്ദേഹം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കേട്ടറിയുകയും ചെയ്തിരുന്നു.

ആര്‍എസ് എസ് മേധാവി മോഹന്‍ ഭഗവത് കണ്ണൂരില്‍ നടത്തിയ ബൈഠക്കില്‍ അണികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തത് രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാനാണ്. എന്നാല്‍ കൊച്ചിയില്‍ സമൂഹത്തിലെ നിക്ഷ്പക്ഷമതികളായ പ്രമുഖരുമായി നടത്തിയ ചര്‍ച്ചയില്‍ അവരുടെ ചോദ്യങ്ങള്‍ക്ക് അക്രമം നിര്‍ത്താന്‍ ചര്‍ച്ചയാകാമെന്നും പറഞ്ഞു. ആര്‍ എസ് എസ് സിപിഐഎമ്മിന്റെ പ്രവര്‍ത്തകരെ അക്രമിക്കുകയും തുടര്‍ന്ന് നടക്കുന്ന സമാധാനചര്‍ച്ചയുടെ മഷി ഉണങ്ങും മുമ്പ് വീണ്ടും അവര്‍ അക്രമം നടത്തുകയും ചെയ്യുന്നു. ആര്‍ എസ് എസ് ആത്മാര്‍ത്ഥമായി തയ്യാറാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പിണറായി ആവര്‍ത്തിച്ചു.

സോളാര്‍ കേസില്‍ മുന്‍ ജയില്‍ ഡിജിപിയുടെ വെളിപ്പെടുത്തലുകള്‍ ഗൗരവകരമാണെന്നും പറഞ്ഞു.

This post was last modified on December 27, 2016 3:36 pm