X

പ്രതിരോധം തകര്‍ത്ത് ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്ക് 337 റണ്‍സ് തോല്‍വി

അഴിമുഖം പ്രതിനിധി

സമനിലയ്ക്കായി ദക്ഷിണാഫ്രിക്കയുടെ ബാറ്റ്‌സ്മാന്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടിട്ടും ക്ഷമ വിടാതെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ദല്‍ഹി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. നാല് ടെസ്റ്റ് പരമ്പരയില്‍ അവസാന മത്സരത്തില്‍ ദക്ഷണാഫ്രിക്കയെ 337 റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യ 3-0-ത്തിന് പരമ്പര സ്വന്തമാക്കി.

481 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം കൈവരിക്കുന്നതിനായി ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്ക ശ്രമിച്ചില്ല. പകരം സമനില പിടിക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. 143.1 ഓവറില്‍ നിന്ന് 143 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം. അവസാന അഞ്ചു വിക്കറ്റുകള്‍ കേവലം ഏഴ് റണ്‍സിന് വീണു എന്നതായിരുന്നു കളിയിലെ നാടകീയമായ തകര്‍ച്ച.

3-0-ന്റെ പരമ്പര വിജയം ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു.

49.1 ഓവറില്‍ 61 റണ്‍സ് വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ പരമ്പരയുടെ താരമായി. നാലാം ടെസ്റ്റിലെ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെ കളിയുടെ താരവുമായി.

297 പന്തുകളില്‍ നിന്ന് 43 റണ്‍സ് എടുത്ത എ ബി ഡിവില്ലിയേഴ്‌സ് അസാധ്യമായ സമനില ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി നേടി കൊടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആറു മണിക്കൂര്‍ നീണ്ട ആ പോരാട്ടം അശ്വിന്റെ പന്തില്‍ അവസാനിച്ചു. ഡിവില്ലേഴ്‌സിന് മുന്നില്‍ പെട്ടെന്ന് കുത്തിയ ഉയര്‍ന്ന മനോഹരമായ പന്ത് കളിച്ച ഡിവില്ലേഴ്‌സിനെ ലെഗ്സ്ലിപ്പില്‍ ജഡേജ പിടിച്ച് പുറത്താക്കുകയായിരുന്നു.

21 ഓവറില്‍ കേവലം ഒമ്പത് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് യാദവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ആക്രമണത്തെ തടുത്തിടല്‍ പ്രയോഗത്തിലൂടെ പ്രതിരോധിച്ച ദക്ഷിണാഫ്രിക്ക അവസാന ദിവസമായ ഇന്നത്തെ ആദ്യ സെഷനില്‍ 35 ഓവറില്‍ 21 റണ്‍സും ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനില്‍ 31 ഓവറില്‍ 42 റണ്‍സും മാത്രമാണ് എടുത്തത്. ഒരു സെഷന്‍മാത്രം അവശേഷിക്കേ അവിസ്മരണീയമായ സമനില കുറിക്കുമെന്ന പ്രതീക്ഷ അവര്‍ നല്‍കി. പരമാവധി പ്രതിരോധിക്കുക. എതിരാളികളുടെ ക്ഷമയും ആത്മവിശ്വാസവും കെടുത്തുക എന്ന തന്ത്രമാണ് അവര്‍ പയറ്റിയത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവരുടെ പ്രതീക്ഷകളെ കടപുഴക്കുകയായിരുന്നു. 244 പന്തില്‍ നിന്ന് 25 റണ്‍സ് എടുത്ത ആംലയെ ജഡേയ ബൗള്‍ഡാക്കി. ഇന്നലെ ആദ്യ റണ്‍ നേടാന്‍ ആംല 46 പന്തുകള്‍ എടുത്തിരുന്നു. ഈ റെക്കോര്‍ഡ് ആംലയ്ക്ക് പിന്നാലെ വന്ന ഡു പ്ലെസിസ് തകര്‍ത്തു. 53-ാമത്തെ പന്തിലാണ് അദ്ദേഹം ആദ്യ റണ്‍ കുറിച്ചത്. ആദ്യ റണ്‍ കുറിക്കാന്‍ ഏറ്റവും കൂടുതല്‍ പന്തുകളെ നേരിട്ട റെക്കോര്‍ഡില്‍ ഗ്രാന്‍ഡ് ഫ്‌ളവറെ മറികടന്ന് മൂന്നാമന്‍ ആകുകയും ചെയ്തു ഡുപ്ലെസിസ്. 2012-ല്‍ ഏഴ് മണിക്കൂറും 46 മിനിട്ടും ബാറ്റ് ചെയ്ത് 110 റണ്‍സ് തടുത്തുകൂട്ടി അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്ക് വിജയം നിഷേധിച്ച പരിചയം ഡുപ്ലെസിസ് ഉണ്ടുതാനും. അന്ന് ക്രീസില്‍ കൂട്ടു നിന്ന ഡിവില്ലേഴ്‌സ് തന്നെയായിരുന്നു ഇവിടേയും കൂട്ട്. 220 പന്തില്‍ നിന്ന് 30 റണ്‍സാണ് ഡിവില്ലേഴ്‌സ് അഡ്‌ലെയ്ഡില്‍ നേടിയത്.

ഏകദിനത്തിലും ടെസ്റ്റിലും പരാജയമേറ്റു വാങ്ങിയ ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതായി ഈ പരമ്പര വിജയം.

This post was last modified on December 27, 2016 3:25 pm