X

സുരക്ഷാ ഉപദേഷ്ടാക്കന്‍മാരുടെ രഹസ്യ ചര്‍ച്ച: പാര്‍ലമെന്റില്‍ പ്രതിഷേധം

ഇന്ത്യയുടേയും പാകിസ്താന്റേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്‍മാര്‍ തമ്മില്‍ ബാങ്കോക്കില്‍ രഹസ്യ ചര്‍ച്ച നടത്തിയതിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് സെഷനില്‍ സര്‍ക്കാര്‍ ഇന്ത്യാ-പാക് ബന്ധത്തില്‍ സ്വീകരിച്ചിരുന്ന നയത്തില്‍ നിന്നുള്ള അടിസ്ഥാനപരമായ മാറ്റമാണ് നടത്തിയിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചര്‍ച്ചയെ കുറിച്ച് പാര്‍ലമെന്റിനെ അറിയിക്കേണ്ടതുണ്ടെന്ന് മുന്‍ വിദേശകാര്യ മന്ത്രി ആനന്ദ് ശര്‍മ്മ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റിനെ അപമാനിക്കുന്നതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും എന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. നാളെ അഫ്ഗാന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്വരാജ് പാകിസ്താനിലേക്ക് പോകുന്നുണ്ട്. അവിടെ അവര്‍ പാക് വിദേശകാര്യമന്ത്രി സര്‍തജ് അസീസുമായി ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്.

ബാങ്കോക്കില്‍ നടന്ന രഹസ്യ ചര്‍ച്ച ചതിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാര്‍ പരസ്യമായി സ്വീകരിച്ചിരിക്കുന്ന നയങ്ങളോടുള്ള വഞ്ചനയാണിതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. എന്തിന് ഇത്ര രഹസ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സൗഗത റോയ് ചോദിച്ചു. ചര്‍ച്ചകളെ സംബന്ധിച്ച് അനവധി മലക്കം മറിച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് റോയ് പറഞ്ഞു.

രണ്ടാഴ്ച മുമ്പ് പാരീസില്‍വച്ച് നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെറീഫും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ബാങ്കോക്ക് ചര്‍ച്ചയ്ക്ക് പച്ചക്കൊടി ലഭിച്ചത്. നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സുരക്ഷ, ഭീകരവാദം, ജമ്മുകശ്മീര്‍ എന്നീ വിഷയങ്ങള്‍ രണ്ട് സുരക്ഷാ ഉപദേഷ്ടാക്കന്‍മാരും ചര്‍ച്ച ചെയ്തു.

This post was last modified on December 27, 2016 3:25 pm