X

ഡല്‍ഹിയില്‍ ചരിത്രമെഴുതാന്‍ ആം ആദ്മി; 60 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

അഴിമുഖം പ്രതിനിധി

ഡല്‍ഹിയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു പാര്‍ട്ടിയും നേടാത്ത ഭൂരിപക്ഷവുമായി ആം ആദ്മി അധികാരത്തിലേക്ക്. ഏറ്റവും ഒടുവിലത്തെ ഫലസൂചനകളനുസരിച്ച് ആകെയുള്ള 70 സീറ്റുകളില്‍ 60 ലും ആം ആദ്മി വ്യക്തമായ ലീഡ് നേടിയിരിക്കുകയാണ്. ബിജെപി അവര്‍ പ്രതീക്ഷിച്ചതിലും കനത്ത പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ച്ചയും അതോടൊപ്പം കാണാം. വെറും 10 സീറ്റുകളിലേക്ക് ബിജെപി ലീഡ് ഒതുങ്ങിയിരിക്കുകയാണ്.പരമ്പരാഗത കോട്ടകളിലെല്ലാം ബിജെപി തകരുന്നതാണ് കാണുന്നത്. ബിജെപിക്ക് കൂടുതല്‍ അപമാനം നല്‍കുന്ന മറ്റൊരു വാര്‍ത്ത അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പിന്നില്‍ നില്‍ക്കുന്നതാണ്. കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയെക്കാള്‍ 2000 ത്തിനടുത്ത് വോട്ടുകള്‍ക്കാണ് പിന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കനും 7000 ത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാണ്. അതേസമയം ന്യൂഡല്‍ഹി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്രിവാള്‍ അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്.

ഏറ്റവും വലിയ തിരിച്ചടിയും നാണക്കേടും പേറേണ്ടിവരിക കോണ്‍ഗ്രസ് ആയിരിക്കുമെന്നാണ് സൂചനകള്‍. ഏറ്റവും ഒടുവിലത്തെ നിലയനുസരിച്ച് കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ പോലും ലീഡ് ചെയ്യുന്നില്ല. ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചപോലെ ഡല്‍ഹിയില്‍ ഒരു സീറ്റുപോലും നേടാതെ നാണക്കേടിന്റെ പടുകുഴിയില്‍ വീഴാനുള്ള വിധിയായിരിക്കും കോണ്‍ഗ്രസിന് നേരിടേണ്ടി വരിക. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഫലങ്ങള്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് കണ്ടുതുടങ്ങിയിട്ടുമുണ്ട്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വം ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പതിവുപോലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രകടനം നടത്തുകയാണ്‌

This post was last modified on February 10, 2015 11:48 am