X

ഈ വിജയം ഇന്ത്യയെ തിരിച്ചുപിടിക്കല്‍- സാറാ ജോസഫ്

സാറാ ജോസഫ്

ജനങ്ങളെ അറിഞ്ഞതിന്റെയും ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന്റെയും വിജയമാണിത്. രാജ്യത്തുള്ളത്‌ ഹിന്ദുക്കളും മുസ്ലീങ്ങളുമല്ല, ജനങ്ങളാണ്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയാതെ പോകുന്നതും അതാണ്. ആം ആദ്മി കണ്ടെത്തിയതും, ഗാന്ധിജിയില്‍ നിന്നു കണ്ടെടുത്തതും അതാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് മുഖ്യമെന്നും ഇതുവരെ രാഷട്രീയ പാര്‍ട്ടികള്‍ ചെയ്തതൊന്നുമല്ല ചെയ്യേണ്ടതെന്നും വ്യക്തമാക്കുന്നതാണ് ഡല്‍ഹിയിലെ ഉണ്ടായിരിക്കുന്നൊരു തെരഞ്ഞെടുപ്പ് വിജയം. തെരഞ്ഞെടുപ്പില്‍ അനുകൂലമായ വിജയം ഉണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷകള്‍ക്കപ്പുറമാണ് ജനങ്ങള്‍ ഞങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ തന്നെ ഈ വിജയം ഒരു മാതൃകയായി സ്വീകരിക്കേണ്ടതാണ്.

കോണ്‍ഗ്രസിനോടുള്ള വിയോജിപ്പാണ് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കണ്ടെതെങ്കില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ മോശമാണ് എന്നു തെളിയിക്കുന്നതാണ് ഡല്‍ഹിയില്‍ നാം ഇപ്പോള്‍ കാണുന്നത്. ബിജെപിയുടെ ധിക്കാരപരമായ പെരുമാറ്റവും ആക്രമണസ്വഭാവവും ജനങ്ങളുടെ മനസ്സില്‍ എത്രമാത്രം വിയോജിപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അവര്‍ ഈ ജനവിധിയില്‍ നിന്നു മനസ്സിലാക്കണം. അതേസമയം ഒരിക്കല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയെന്നു ജനങ്ങള്‍ ഞങ്ങളോടു പറഞ്ഞപ്പോള്‍, ആ തെറ്റിനു മാപ്പ് പറഞ്ഞുകൊണ്ട് വിധികര്‍ത്താക്കളെ സമീപിക്കുകയായിരുന്നു ആം ആദ്മി പാര്‍ട്ടി ചെയ്തത്. ജനങ്ങള്‍ ഞങ്ങളുടെ മാപ്പ് അപേക്ഷ സ്വീകരിച്ചു. അവര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു, ഹൃദയം ഹൃദയത്തോട് അടുത്തതുപോലെ. ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുമെന്നു പറയുകയല്ല, അവരിലൊരാളായി മാറുകയാണ് കെജ്രിവാള്‍ ചെയ്തത്. ഈ വിജയം ഇന്ത്യയെ തിരിച്ചുപിടിക്കല്‍ കൂടിയാണ്.അധികാര രാഷ്ട്രീയം കുത്തകയാക്കി വച്ചിരുന്ന ജനാധിപത്യപ്രവണതകളില്‍ നിന്ന് ഇന്ത്യയെ തിരിച്ചുപിടിക്കുക തന്നെയാണ് ഡല്‍ഹിയില്‍ സംഭവിക്കുന്നത്. ഇത് ജനാധിപത്യവ്യവസ്ഥയെ ശക്തിപ്പെടുത്തും. അതുവഴി ഗാന്ധിയന്‍ വികസനമാതൃകകള്‍ തിരിച്ചുകൊണ്ടുവന്ന് അടിത്തട്ടിലെ വികസനമാണ് യഥാര്‍ത്ഥ വികസനമെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഒരു വലിയ സാധ്യത ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ തെളിഞ്ഞിരിക്കുകയുമാണ്.

വലിയൊരു ഉത്തരവാദിത്വമാണ് ജനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ആ ഉത്തരവാദിത്വം ആത്മാര്‍ത്ഥമായി, പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടുകൊണ്ട് തന്നെ പൂര്‍ത്തീകരിക്കാനായിരിക്കും ആം ആദ്മി ശ്രമിക്കുക. അതൊടൊപ്പം ഡല്‍ഹിക്കു പുറത്തേക്കും ഈ വിജയത്തിന്റെ സ്വാധീനം ഉണ്ടാകണം. ദിസ് ടൈം ഡല്‍ഹി, നെക്സ്റ്റ് ടൈം കേരള എന്ന് നമുക്ക് പറയാനാകണം. കേരളത്തില്‍ മാത്രമല്ല, ഓരോ സംസ്ഥാനത്തും ജനങ്ങള്‍ ഇങ്ങനെ ചിന്തിക്കണം. ജനങ്ങളുടെതാണ് അധികാരം എന്നു തിരിച്ചറിഞ്ഞ് അത്തരമൊരു പരിവര്‍ത്തനത്തിലേക്ക് ജനങ്ങള്‍ മാറാന്‍ തയ്യാറാകണം. ആ മാറ്റം ഇവിടുത്തെ കുത്തകരാഷ്ട്രീയങ്ങളെ കടപുഴക്കാന്‍ തക്ക ശക്തിയുള്ളതാകണം. ഓരോ ജനവും സ്വയം ആം ആദ്മിയായി മാറുന്ന ഒരു ദിവസം വൈകാതെ തന്നെ നമ്മുടെ രാജ്യത്ത് സംഭവ്യമാകുമെന്നു തന്നെയാണ് വിശ്വാസം.

ഡല്‍ഹിയിലെ വിജയം കേരളത്തില്‍ ആം ആദ്മിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നത് തീര്‍ച്ചയാണ്. ഇവിടെ ജനങ്ങള്‍ ആം ആദ്മിയാകാന്‍ തയ്യാറാണ്. എന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. ഇവിടെ കൃത്യമായ രാഷ്ട്രീയം ജനനങ്ങള്‍ക്കുണ്ട്. അവര്‍ പൊളിറ്റിക്കലി ഡിവൈഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇടതുപക്ഷം ശക്തമാണ്. അയ്യഞ്ചുവര്‍ഷം മാറി മാറി മുന്നണികളെ സ്വീകരിക്കുന്ന പ്രവണതയാണ് ഇവിടെ നില്‍ക്കുന്നത്. ഡല്‍ഹിയിലെയോ, ബിഹാറിലെയോ, ഉത്തര്‍ പ്രദേശിലെയോ പോലെ ജനജീവിതമല്ല കേരളത്തിലുള്ളത്. ഇവിടെ മിഡില്‍ ക്ലാസ്/ അപ്പര്‍ മിഡില്‍ ക്ലാസുകളാണ് കൂടുതല്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ കടുത്തദാരിദ്ര്യത്തിലോ, അനധികൃത ചേരികളിലോ ജീവിക്കുന്നവരല്ല കേരളീയര്‍. ഭൂരിഭാഗവും സാമ്പത്തികമായി മെച്ചപ്പെട്ടവരാണ്. ഈ സാഹചര്യങ്ങള്‍ അവരുടെ രാഷ്ട്രീയകാഴ്ച്ചപ്പാടുകളിലും പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ ആം ആദ്മിയുടെ വിജയം കേരളത്തില്‍ ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയ പാര്‍ട്ടികളിലും ഒരു ആത്മപരിശോധന നടത്താനുള്ള സാഹചര്യമൊരുക്കും. ആത്തരമൊരു ആത്മപരിശോധനയില്‍ നിന്നുണ്ടാകുന്ന മാറ്റങ്ങള്‍ പുതിയൊരു രാഷ്ട്രീയധ്രുവീകരണത്തിന് വഴി തെളിക്കും. അതോടൊപ്പം ആം ആദ്മിയുടെ കേരള ഘടകം കൂടുതല്‍ ശക്തിപ്പെടുകയും വേണം.

This post was last modified on February 10, 2015 1:36 pm