X

ഒളിച്ചോട്ടക്കാരനല്ല, ആരോപണങ്ങള്‍ നിഷേധിച്ച് മല്ല്യ

അഴിമുഖം പ്രതിനിധി

ബാങ്കുകള്‍ക്ക് 9000 കോടി രൂപ വായ്പ കുടിശിക വരുത്തിയശേഷം ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് പറന്ന വിവാദ മദ്യ വ്യവസായി വിജയ് മല്ല്യ തനിക്കുനേരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം അസംബന്ധം എന്ന് മല്ല്യ വിശേഷിപ്പിച്ചു.

താന്‍ അന്താരാഷ്ട്ര ബിസിനസ്സുകാരനാണെന്നും ഇന്ത്യയിലേക്കും പുറത്തേക്കും പതിവായി യാത്ര ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒരു എംപി എന്ന നിലയില്‍ രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നുവെന്നും നിയമത്തിന് വിധേയനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനവധി വര്‍ഷങ്ങളായി താന്‍ നല്‍കിയിട്ടുള്ള സഹായങ്ങളും മറ്റും മാധ്യമ മുതലാളിമാര്‍ മറക്കരുതെന്നും അവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മല്ല്യ പറഞ്ഞു. തനിക്കെതിരെ മാധ്യമ വിചാരണ നടക്കുകയാണെന്നും മല്ല്യ ആരോപിച്ചു.

മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടിയാണ് 17 ബാങ്കുകള്‍ വായ്പകള്‍ നല്‍കിയത്. എന്നാല്‍ കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്ന് എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ബാങ്കുകള്‍ക്ക് പണം നല്‍കിയില്ലെങ്കിലും മല്ല്യ ആഢംബര ജീവിതമാണ് നയിച്ചു വരുന്നത്.

This post was last modified on December 27, 2016 3:48 pm