X

വിവാദ വിഷയങ്ങളിലെ ബിജെപിയുടെ യുടേണ്‍

അഴിമുഖം പ്രതിനിധി

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളും ആശങ്കകളുമാണ് ജമ്മു കശ്മീരിനെ സംബന്ധിച്ച 370-ാം വകുപ്പും ഏകീകൃത സിവില്‍കോഡും അയോധ്യയിലെ രാമജന്മ ഭൂമി ക്ഷേത്രവും സംബന്ധിച്ചുള്ളവ. ബിജെപിയിലെ മിതവാദിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ ആറുവര്‍ഷത്തെ എന്‍ഡിഎ ഭരണത്തിലുടനീളവും നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ ഭരണത്തിലും ആ ചോദ്യങ്ങള്‍ നിരന്തരം ഉന്നയിക്കപ്പെട്ടിരുന്നു. ഈ വിഷയങ്ങളില്‍ ബിജെപിക്ക് സ്വന്തമായി വ്യക്തമായ അഭിപ്രായം ഉണ്ടെങ്കിലും വാജ്‌പേയിയുടെ കാലത്ത് ബിജെപി ഇത്തരം ചോദ്യങ്ങളെ പ്രതിരോധിച്ചിരുന്നത് പാര്‍ട്ടിക്ക് ലോക്‌സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ല എന്നത് ചൂണ്ടിക്കാണിച്ചായിരുന്നു. ഇത് ഒരേ സമയം വിമര്‍ശകരേയും അണികളേയും സാന്ത്വനിപ്പിച്ചിരുന്നു. 

അടുത്തെങ്ങും ഒരു പാര്‍ട്ടിക്കും ലഭിക്കാത്ത തരത്തിലെ ഭൂരിപക്ഷം നേടി ഇത്തവണ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഈ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് നടപ്പിലാക്കുമെന്ന് അണികള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയ പത്ര സമ്മേളനത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കി. ഈ മൂന്ന് വിവാദ വിഷയങ്ങളിലും തങ്ങളുടെ നിലപാട് നടപ്പിലാക്കണമെങ്കില്‍ പാര്‍ട്ടിക്ക് ലോക്‌സഭയില്‍ ഒറ്റയ്ക്ക് 370 സീറ്റുകള്‍ ആവശ്യമാണ്. ഇപ്പോള്‍ ബിജെപിക്ക് ലോക്‌സഭയില്‍ 281 സീറ്റുകളാണുള്ളത്.

പ്രധാനപ്പെട്ട ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ ആവശ്യമായ ജനവിധി ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഭരണഘടന അനുസരിച്ച് അവയെ അഭിസംബോധന ചെയ്യാന്‍ 370 സീറ്റുകള്‍ വേണം, ഷാ പറഞ്ഞു. ലോക്‌സഭയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും എന്തുകൊണ്ട് പാര്‍ട്ടിയുടെ പ്രധാന വിഷയങ്ങള്‍ പരിഗണിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷാ.

എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണം അയോദ്ധ്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം വിഎച്ച്പിയുടെ വിവാദ നേതാവായ സ്വാധി പ്രാചി പറഞ്ഞിരുന്നു. ബിജെപിയുടെ തന്നെ ദളിത് മോര്‍ച്ചാ ദേശീയ എക്‌സിക്യൂട്ടിവിനോട് അനുബന്ധിച്ചാണ് അവര്‍ ഈ പ്രസ്താവന നടത്തിയത്. ഇത് കാണിക്കുന്നത് ഹിന്ദുത്വ സംഘടനകളില്‍ ഈ വിഷയങ്ങളെ ചൊല്ലി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ്. ഒരു കൂട്ടര്‍ പ്രായോഗികമായ വൈഷമ്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ മറു കൂട്ടര്‍ തീവ്ര നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട്.

This post was last modified on December 27, 2016 3:10 pm