X

ഇ പി ജയരാജന്‍ രാജിവെച്ചു

ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ രാജിവെച്ചു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചയില്‍ ഭൂരിഭാഗം അംഗങ്ങളും ജയരാജനെതിരായ നിലപാട് കൈക്കൊള്ളുകയായിരുന്നു. സെക്രട്ടറിയേറ്റ് തീരുമാനം കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചു. 

വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനത്തില്‍ തന്റെ അടുത്ത ബന്ധുവിനെ നിയമിച്ചതില്‍ തനിക്ക് തെറ്റു പറ്റിയതായി ഇ പി ജയരാജന്‍ സെക്രട്ടറിയേറ്റില്‍ സമ്മതിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രതിച്ഛായയും ഗവണ്‍മെന്റിന്റെ പ്രതിച്ഛായയും സംരക്ഷിക്കാനും മറ്റ് പാര്‍ട്ടികളില്‍ നിന്നും മറ്റ് ഗവണ്‍മെന്റുകളില്‍ നിന്നും വ്യത്യസ്ഥമാണ് എന്നും തെളിയിക്കാന്‍ താന്‍ രാജി വെക്കുകയാണ് എന്ന് ഇ പി ജയരാജന്‍ സെക്രട്ടറിയേറ്റില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ രാജി പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. അതേ സമയം സംഘടനാ കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കും.

എന്നാല്‍ മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ നിലപാട് ഇതല്ലായിരുന്നു. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കെ ബാബു രാജിവെച്ചപ്പോള്‍ അത് സ്വീകരിക്കാതെ വീണ്ടും കോടതിയില്‍ പോവുകയായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച് മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

അതേ സമയം കമ്യൂണിസ്റ്റുകാരാണ് എന്നത് ഗവണ്‍മെന്‍റ് തലത്തില്‍ ജോലി കിട്ടുന്നതിന് അയോഗ്യതയാണ് എന്ന പ്രചരണം തെറ്റാണ് എന്നും കോടിയേരി ചൂണ്ടിക്കാട്ടി.    

ഇ പി ജയരാജന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ താത്ക്കാലികമായി മുഖ്യമന്ത്രി കൈകാര്യം ചെയ്യും.  

This post was last modified on December 27, 2016 2:23 pm