X

നേപ്പാളിലും ഉത്തരേന്ത്യയിലും തുടര്‍ചലനങ്ങള്‍; മരണം രണ്ടായിരം കവിഞ്ഞു

അഴിമുഖം പ്രതിനിധി

നേപ്പാളില്‍ വീണ്ടും ഭൂചലനം. രണ്ടു ഭൂചലനങ്ങളാണ് ഇന്ന്‍ ഉണ്ടായത്.  ഉച്ചയ്ക്ക് 12.44നായിരുന്നു തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടത്.  നേപ്പാളില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലും തുടര്‍ ഭൂചലനങ്ങള്‍ ഉണ്ടായി. ഡല്‍ഹി,വാരണാസി, ഗുഹാവത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടു.  

ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അയ്യായിരത്തോളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 80 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തില്‍ ഹിമാലയന്‍ താഴ്വരയാകെ വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഇന്ത്യയിലെ മരണസംഖ്യ അമ്പത് കടന്നു. ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങളാണ് ഇന്ത്യയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് ഇരയായത്. 

ദുരന്തം താറുമാറാക്കിയ നേപ്പാളില്‍ നിന്നും 500 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടില്‍ എത്തിച്ചിട്ടുണ്ട്. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നു. കോഴിക്കോട് നിന്നും പോയ വിനോദസഞ്ചാര സംഘം സുരക്ഷിതരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ വയനാട്ടില്‍ നിന്നും പോയ അഞ്ച് ഡോക്ടര്‍മാരില്‍ നാല് പേരുടെ വിവരം ലഭ്യമല്ല. ഈ സംഘത്തില്‍ നാല് പേരാണോ അഞ്ചു പേരാണോ ഉള്ളതെന്നത് സംബന്ധിച്ചും വ്യത്യസ്ഥ റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. നേപ്പാളില്‍ 100ഓളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി മന്ത്രി കെ സി ജോസഫ് അറിയിച്ചു. നേപ്പാളിലെ ഭൂകമ്പത്തെ തുടര്‍ന്ന് കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 0471-233 1639:

നേപ്പാളില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയും ചൈനയും സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് എവറസ്റ്റിലുണ്ടായ ഹിമപാതത്തില്‍ 17 പേര്‍ മരിച്ചതായി സൂചനകളുണ്ട്. നിരവധി പര്‍വതാരോഹകരെ കാണാതായിട്ടുണ്ട്.നേപ്പാളിലേക്കുള്ള ഇന്ത്യയുടെ രക്ഷാദൌത്യ വിമാനങ്ങള്‍ നാലുമണിക്കൂര്‍ നിര്‍ത്തിവച്ചു. ഡല്‍ഹി,കൊല്‍ക്കത്ത മെട്രോ പ്രവര്‍ത്തനവും താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

This post was last modified on December 27, 2016 2:57 pm