X

കര്‍ഷക പ്രതിഷേധം മോദിക്ക് നേരെ തിരിച്ചുവിടാന്‍ രാഹുല്‍

56 ദിവസത്തെ അജ്ഞാതവാസത്തിന് ശേഷം തിരിച്ചെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണ പരിപാടികളുമായി രംഗത്തെത്തുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമം, വരള്‍ച്ച മൂലമുണ്ടായിട്ടുള്ള വിള നാശം തുടങ്ങിയ പ്രശ്‌നങ്ങളില്‍ പെട്ട് അതൃപ്തരായി കഴിയുന്ന കര്‍ഷകരുടെ വികാരം സര്‍ക്കാരിനെതിരാക്കുന്നതിനായി രാജ്യത്തെ ഗ്രാമങ്ങളില്‍ പദയാത്ര നടത്താനാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

കര്‍ഷക ആത്മഹത്യകളില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ നിന്നും സര്‍ക്കാരിനെതിരായ പ്രചാരണം ആരംഭിക്കാനാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. വരള്‍ച്ച മൂലം ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ കടക്കെണിയില്‍ പെട്ടുഴലുന്ന പ്രദേശമാണ് വിദര്‍ഭ. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതും ഇവിടെയാണ്. ഈ വര്‍ഷം നവംബറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലും അദ്ദേഹം പദയാത്ര നടത്തും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമ്പെ പരാജയപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നതിനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായി കൂടുതല്‍ യുവാക്കളെ ഉയര്‍ത്തിക്കൊണ്ടുവരാനും തീരമാനമുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ മുന്നോടിയായി മുതിര്‍ന്ന നേതാക്കളായ മോട്ടിലാല്‍ വോറ, ജനാര്‍ദ്ദന്‍ ദ്വിവേദി, അംബിക സോണി, ബികെ ഹരിപ്രസാദ്, ദിഗ്വിജ് സിംഗ്, മോഹന്‍ പ്രകാശ് തുടങ്ങിയവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയേക്കും. ഇവരെ ഒരു ഉപദേശക സമിതിയുണ്ടാക്കി അവിടെ പ്രതിഷ്ഠിക്കാനാണ് ഇപ്പോഴത്തെ നീക്കം.

This post was last modified on December 27, 2016 2:57 pm