X

ഇടപ്പള്ളി മേല്‍പ്പാലം ഇന്ന് തുറക്കും

അഴിമുഖം പ്രതിനിധി

എറണാകുളം ഇടപ്പള്ളി മേല്‍പ്പാലം ഇന്ന് വൈകിട്ട് ഗതാഗതത്തിനു തുറക്കും. മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. നാലുവരി മേല്‍പ്പാലം തുറക്കുന്നതോടെ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും. ദേശീയപാതയില്‍ സ്‌പൈസസ് ബോര്‍ഡ് ഓഫീസിനു സമീപത്തുനിന്നുതുടങ്ങി എസ്ബിഐക്കു മുന്നില്‍ അവസാനിക്കുന്ന രീതിയിലാണ് മേല്‍പ്പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡിഎംആര്‍സി മെട്രോ ജോലികളുടെ ഭാഗമായി 2015 ജനുവരിയിലാണ് പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചത്. 20 മാസംകൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

മേല്‍പ്പാല നിര്‍മ്മാണം ഡിഎംആര്‍സി പൂര്‍ത്തിയാക്കിയത് നിശ്ചയിച്ചതിലും 11 കോടി രൂപ കുറവിലാണ്. 49 കോടി നിര്‍മാണച്ചെലവ് കണക്കാക്കിയിരുന്ന പദ്ധതി 38 കോടി മാത്രം ചെലവാക്കി നിര്‍മാണം പൂര്‍ത്തീകരിച്ചു. നൂതനമായ രൂപകല്‍പ്പനയിലൂടെയാണ് ഡിഎംആര്‍സി ചെലവു ചുരുക്കിയത്. ചെന്നൈ ഐഐടിയില്‍നിന്നു വിരമിച്ച പ്രൊഫസര്‍ പി കെ അരവിന്ദനാണ് ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. നിര്‍മാണകരാര്‍ ഏറ്റെടുത്തത് എല്‍ ആന്‍ഡ് ടിയായിരുന്നു.

തൊണ്ണൂറ്റഞ്ച് കോടി രൂപയാണ് ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ നിര്‍മാണച്ചെലവ്. ഇതില്‍ 60 കോടിയും സ്ഥലം ഏറ്റെടുക്കാനാണ് മുടക്കിയത്. 15 മീറ്ററാണ് പാലത്തിന്റെ വീതി. രണ്ടു വശങ്ങളിലായി നാലുവരിയുണ്ട്. നീളം 480 മീറ്ററാണ്. ആകെ 11 സ്പാനുകളിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ജംഗ്ഷനിലെ സ്പാനുകള്‍ക്കിടയില്‍ 35 മീറ്റര്‍ വീതിയുണ്ട്. 90 പൈലുകള്‍ നിര്‍മാണത്തിന് ഉപയോഗിച്ചു. മെട്രോയുടെ തൂണുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഉയരം ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ ഭാഗത്താണ്. 22.15 മീറ്റര്‍ ഉയരമാണ് ഇവിടെയുള്ളത്. മേല്‍പ്പാലത്തിന്റെ ഘടന കണക്കിലെടുത്താണ് ഇവിടെ തൂണിന് ഇത്രയും ഉയരം നല്‍കിയത്.

ഇടപ്പള്ളി മേല്‍പ്പാലം കൊണ്ട് ജംഗ്ഷനിലെ ഗതാഗതപ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കില്ല. ഇടപ്പള്ളി ജംഗ്ഷനിലെ ദേശീയപാത 17ല്‍ അടിപ്പാത നിര്‍മിക്കാനും 17, 47 ദേശീയപാതകളെ ബന്ധിപ്പിച്ച് ഫ്‌ളൈഓവര്‍ബൈപ്പാസ് നിര്‍മിക്കാനും ഡിഎംആര്‍സി നേരത്തെ സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചിരുന്നു.

 

 

This post was last modified on December 27, 2016 2:29 pm