X

ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെന്ന് മോഹന്‍ലാല്‍

അഴിമുഖം പ്രതിനിധി

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി പ്രകാരമാണ് താന്‍ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതെന്നാണു മോഹന്‍ ലാല്‍ പറയുന്നത്. ആയതിനാല്‍ തന്നെ തനിക്കെതിരേയുള്ള ത്വരിതാന്വേഷണം റദ്ദാക്കണമെന്നും നടന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണു സംസ്ഥാന വനം വന്യജീവി വകുപ്പ് വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനവാദം നല്‍കിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഗവര്‍ണരുടെ ഉത്തരവ് ഉണ്ട്. ആയതിനാല്‍ തന്നെ തന്റെ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നതു ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്കോ അവകാശമില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുന്നു.

നടന്റെ ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോടും വിജിലന്‍സിനോടും വിശദീകരണം ആരാഞ്ഞു. ഇതേ തുടര്‍ന്ന് ഒരാഴ്ചത്തെ സമയം സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി അടുത്താഴ്ചത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്.

എറണാകുളം സ്വദേശി എ എ പൗലോസാണ് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയും മോഹന്‍ലാലിനെ ഏഴാം പ്രതിയാക്കിയും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തിരുവഞ്ചൂരും മോഹന്‍ലാലും ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരേ അഴിമതി നിരോധനനിയമപ്രകാരം കേസ് എടുക്കണമെന്നായിരുന്നു പൗലോസിന്റെ ആവശ്യം. ഇതിന്റെ പുറത്താണ് ത്വരിതാന്വേഷണത്തിനു വിജിന്‍സ് കോടതി ഉത്തരവിട്ടത്. ഇതിനെതിരേയാണു മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

This post was last modified on December 27, 2016 2:17 pm