X

ഇനി പ്രത്യേക റെയില്‍ ബജറ്റ് ഇല്ല

അഴിമുഖം പ്രതിനിധി

റെയില്‍വേ ബജറ്റിനെ പൊതു ബജറ്റിനോട് ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ഇതോടെ 92 വര്‍ഷമായി തുടരുന്ന കീഴ്വഴക്കമാണ് കേന്ദ്രം പൊളിച്ചെഴുതിയത്. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വെ. നിലവില്‍ ഏഴാം ശമ്പളകമീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് 40,000 കോടിയും സബ്‌സിഡി ഇനത്തില്‍ 33,000 കോടിയും റെയില്‍വേക്ക് അധിക ബാധ്യതയുണ്ട്. കൂടാതെ, 458 റെയില്‍വേ പദ്ധതികള്‍ വൈകുന്നതിനാല്‍ 4.83 ലക്ഷം കോടിയുടെ ബാധ്യതയാണ് റെയില്‍വേ വഹിക്കേണ്ടിവരുന്നത്.

റെയില്‍വേ ബജറ്റിനെ പൊതു ബജറ്റിനോട് ലയിപ്പിക്കുന്നതോടെ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ ഇനി ധനമന്ത്രാലയമായിരിക്കും തീരുമാനിക്കുക. കേന്ദ്രത്തിന് റെയില്‍വേ കൊടുക്കുന്ന ഡിവിഡന്റിന്റെയും കേന്ദ്രം റെയില്‍വേയ്ക്ക് നല്‍കുന്ന സബ്‌സിഡിയുടെയും കാര്യത്തില്‍ ബജറ്റ് ലയനം വരുമ്പോള്‍ ഉണ്ടാകുന്ന മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം ഇനി അറിയാനുണ്ട്.

അതേസമയം രാജ്യത്തെ പൊതുബജറ്റ് പ്രഖ്യാപനം ഫെബ്രുവരി ഒന്നിലേക്ക് മാറ്റാന്‍ തീരുമാനിച്ചേക്കും. ഇതുവരെ ബജറ്റ് അവതരിപ്പിച്ചിരുന്നത് ഫെബ്രുവരി മാസത്തിലെ അവസാനത്തെ പ്രവര്‍ത്തി ദിവസത്തിലാണ്.

 

This post was last modified on December 27, 2016 2:26 pm