X

എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍പ്പായി

അഴിമുഖം പ്രതിനിധി

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ സംയുക്ത സമര സമിതിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ നാല് ആവശ്യങ്ങള്‍ അംഗീകരിച്ചു. ഒമ്പത് ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ടു വച്ചിരുന്നത്. ഇതേ തുടര്‍ന്ന് സമരം അവസാനിച്ചു. ദുരിതബാധിതരുടെ പട്ടിക പുതുക്കി നിശ്ചയിക്കും. മേഖലയിലെ ക്യാന്‍സര്‍ രോഗികളേയും ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. നേരത്തെ ഒഴിവാക്കപ്പെട്ട 610 പേരെ കൂടി ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും.ഇവര്‍ക്കും എന്‍ഡോസള്‍ഫാന്‍ പാക്കേജിന്റെ ഗുണം ലഭിക്കും. ദുരന്ത ബാധിതരുടെ എണ്ണം 5387 ആകും.

ദുരന്തബാധിതരെ മൂന്ന് ഗണത്തില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മൂന്നംഗ സമിതി. എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിത മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ അധിക ശമ്പളം നല്‍കും.

ദുരന്തബാധിതര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ ധനസഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. അവരുടെ കടബാധ്യതകള്‍ എഴുതിതള്ളുകയും ചെയ്യും. ഈ വാഗ്ദാനം നേരത്തേയും അവര്‍ക്ക് ലഭിച്ചിരുന്നതാണ്. എന്നാല്‍ നടപ്പിലായിരുന്നില്ല.

ഈ മാസം അഞ്ച് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.ചര്‍ച്ചയുടെ തീരുമാനം അനുസരിച്ച് സമരം നിര്‍ത്തുകയാണെന്ന് സമര സമിതിക്കൊപ്പം ചര്‍ച്ചയ്ക്ക് എത്തിയ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സമരം പിന്‍വലിക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍ സമരപന്തലില്‍ വച്ച് പറഞ്ഞു.

ജനുവരി 26-നാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന ആരോപണവുമായിട്ടാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയത്.

ഭരണക്കാരെ, അവരിതാ നിങ്ങളുടടുത്തെത്തിയിരിക്കുന്നു; കണ്‍ തുറന്നു കാണുക

This post was last modified on December 27, 2016 3:39 pm