X

യുറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് കാരണം തലതിരിഞ്ഞ മധ്യേഷ്യന്‍ നയങ്ങള്‍

യൂറോപ്പിലെ അനധികൃത കുടിയേറ്റ പ്രതിസന്ധിക്ക് പ്രധാന കാരണം അമേരിക്കയുടെ തലതിരിഞ്ഞ മധ്യേഷ്യന്‍ നയങ്ങളാണെന്ന് ചെക്ക് റിപബ്ലിക് പ്രസിഡന്റ് മിലോഷ് സെമാന്‍ അഭിപ്രായപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാനെന്ന വ്യാജേന സിറിയയിലും ലിബിയയിലും നടത്തിയ അമേരിക്കന്‍ ഇടപെടലുകള്‍ അവിടങ്ങളിലെ സ്ഥിതിഗതികള്‍ വഷളാക്കിയതായും ഇത് യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതായും ഒരു പ്രദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സെമാന്‍ ചൂണ്ടിക്കാണിച്ചു.

മധ്യേഷ്യയില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ കരുത്താര്‍്ജ്ജിക്കുന്നതും കലാപങ്ങള്‍ ശക്തിപ്പെടുന്നതും വഴി യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ദ്ധിക്കും. യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കുന്നതിന് മുന്നോടിയായാണ് സെമാന്‍ അഭിമുഖം അനുവദിച്ചത്. തീവ്രവാദ പരിശീലന ക്യാമ്പുകള്‍ തുടച്ചു നീക്കുന്നതിന് ഐക്യ രാഷ്ട്ര സമാധാന സേന മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെക് റിപബ്ലിക്കിന്റെ വടക്ക്-കിഴക്ക് ഭാഗത്തുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന സംഘര്‍ഷങ്ങളിലുള്ള അതൃപ്തിയും സെമാന്‍ രേഖപ്പെടുത്തി. ആരും ക്ഷണിച്ചിട്ടല്ല അഭയാര്‍ത്ഥികള്‍ യൂറോപ്പില്‍ എത്തിയതെങ്കിലും ഇവിടെ എത്തിയ സ്ഥിതിക്ക് അതത് രാജ്യങ്ങളില്‍ നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 3,018 അഭയാര്‍ത്ഥികളാണ് ചെക് റിപബ്ലിക്കിലേക്ക് കുടിയേറിയിരിക്കുന്നത്. ചെക് റിപബ്ലിക്കിലേക്കുള്ള അനധികൃത കുടിയേറ്റം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അമ്പത് ശതമാനം കണ്ട് വര്‍ദ്ധിച്ചിരിക്കുന്നതായി പോലീസ് പറയുന്നു.

 

This post was last modified on December 27, 2016 3:21 pm