X

ദേശീയ പണിമുടക്ക് തുടങ്ങി

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് തുടങ്ങി. ബിഎംഎസ് ഒഴികെയുള്ള പത്ത് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആരംഭിച്ച പണിമുടക്ക് കേരളത്തില്‍ പൂര്‍ണമാണ്. മോട്ടോര്‍ വാഹന തൊഴിലാളികളും തുറമുഖ തൊഴിലാളികളും ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം, കല്‍ക്കരി, ഉരുക്ക്, പെട്രോളിയം, ഊര്‍ജ്ജം, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ എല്ലായിടത്തും കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ചുരുക്കം ചില ഇരുചക്ര വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയിട്ടുള്ളൂ. തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, റെയില്‍വേ-പ്രതിരോധ മേഖലകളില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴില്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നത് ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബിജെപി ആഭിമുഖ്യമുള്ള ബിഎംഎസ് പണിമുടക്കില്‍ നിന്ന് പിന്മാറിയിരുന്നു.

പശ്ചിമ ബംഗാളില്‍ പണിമുടക്കിനെ അനുകൂലിക്കുന്ന ഇടതുപ്രവര്‍ത്തകരും എതിര്‍ക്കുന്ന ഭരണകക്ഷിയായ തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ തടയുകയും ചെയ്തു. സ്‌കൂളുകളും ഫാക്ടറികളും അടച്ചിട്ടിരിക്കുകയാണ്.

This post was last modified on December 27, 2016 3:21 pm