X

Explainer: ഉരുളക്കിഴങ്ങ് കര്‍ഷകര്‍ ലേയ്‌സ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്തുകൊണ്ട്?

തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് കര്‍ഷകര്‍ 1.05 കോടി രൂപ നല്‍കണം എന്ന് പെപ്സി ആവശ്യപ്പെടുന്നു.

ലേയ്‌സ് ചിപ്‌സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ലെയ്‌സ് നിര്‍മ്മാതാക്കളായ പെപ്‌സി കമ്പനിയും ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകരും തമ്മില്‍ വലിയ ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചിരിക്കുകയാണ്. ഉരുളക്കിഴങ്ങിന് മേല്‍ ബൗദ്ധിക സ്വത്ത് അവകാശം (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്) ഉന്നയിച്ച് പെപ്‌സി കോ ഇന്ത്യ ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (പിഐഎച്ച്) കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് ആണ് സംഘര്‍ഷത്തിന് കാരണമായത്. കര്‍ഷക സംഘടനകളും വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും പെപ്‌സിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.

പ്രശ്‌നങ്ങളുടെ തുടക്കം

ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ എഫ്എല്‍ 2027 എന്നും എഫ് സി 5 എന്നും അറിയപ്പെടുന്ന ഇന്നത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കര്‍ഷകര്‍ക്കെതിരെ പെപ്‌സി കോടതിയെ സമീപിച്ചു. ഈ ഇനം ഉരുളക്കിഴങ്ങില്‍ തങ്ങള്‍ക്ക് പ്രത്യേക അവകാശമുണ്ട് എന്നാണ് പെപ്‌സി അവകാശപ്പെടുന്നത്. ഈ ഉരുളക്കിഴങ്ങ് ഉപയോഗിച്ചാണ് ലേയ്‌സ് ചിപ്‌സ് നിര്‍മ്മിക്കുന്നത്. പ്ലാന്റ് വെറൈറ്റീസ് ആക്ട് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് പെപ്‌സ് അവകാശപ്പെടുന്നു. മൂന്ന് മുതല്‍ നാല് ഏക്കര്‍ വരെ ഭൂമിയുള്ള നാല് കര്‍ഷകര്‍ക്കെതിരെ ഈ മാസം ആദ്യം കേസ് ഫയല്‍ ചെയ്തു.

കര്‍ഷക പ്രതിഷേധം ശക്തം, ആര്‍എസ്എസിന്റെ സംഘടനയടക്കം പ്രതിഷേധവുമായി രംഗത്ത്

ഗുജറാത്തിലെ വിവിധ കര്‍ഷക സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. ആര്‍എസ്എസിന്റെ ഭാരതീയ കിസാന്‍ സംഘ് (ബികെഎസ്) അടക്കമുള്ള സംഘടനകള്‍ പെപ്‌സിക്കെതിരെ രംഗത്തുണ്ട്. ഗുജറാത്ത് ഖേദത് സമാജ്, ജതന്‍ ട്രസ്റ്റ് അടക്കമുള്ള സംഘടനകള്‍ ഈ പ്രശ്‌നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെടുന്നു. സിപിഎമ്മിന്റെ ഓള്‍ ഇന്ത്യ കിസാന്‍ സഭ അടക്കമുള്ളവ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ലേയ്‌സ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു.

2001ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ടിന്റെ (പിപിവി ആന്‍ഡ് എഫ്ആര്‍) ലംഘനമാണിത് എന്ന് ഇവര്‍ ആരോപിക്കുന്നു. വഡോദ്രയിലെ ജതന്‍ ട്രസ്റ്റിലെ കപില്‍ ഷാ പറയുന്നത് ലോക വ്യാപാര സംഘടനയുമായുള്ള ട്രിപ്‌സ് എഗ്രിമെന്റ് തന്നെ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്നാണ്.
ഈ കേസ് മറ്റ് വിളകള്‍ കൃഷി ചെയ്യുന്നത് സംബന്ധിച്ചും കര്‍ഷകര്‍ക്ക് വലിയ പ്രശ്‌നങ്ങളുണ്ടാക്കാം എന്ന് ഗുജറാത്ത് ഖേദത്ത് സമാജിലെ ബദ്രിഭായ് ജോഷി പറയുന്നു. ഇന്ത്യ ഡബ്ല്യുടിഒയില്‍ (ലോക വ്യാപാര സംഘടന) അംഗമായതിന് ശേഷം ഇതാദ്യമായാണ് ഐപിആറുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കെതിരെ കേസെടുത്തത്.

പ്രൊട്ടക്ഷന്‍ ഓഫ് പ്‌ളാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേര്‍സ് റൈറ്റ്‌സ് അതോറിറ്റി (പിപിവി ആന്‍ഡ് എഫ്ആര്‍എ) കോടതിയില്‍ തങ്ങള്‍ക്കായി കക്ഷി ചേരണമെന്നും നാഷണല്‍ ജീന്‍ ഫണ്ട് വഴി നിയമപരമായ ചിലവുകള്‍ വഹിക്കണമെന്നും ആവശ്യപ്പെടുന്നു. പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നും കമ്പനി ഉന്നയിക്കുന്ന നിയമപ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ലായിരുന്നെന്നും വഡോദരയിലെ കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹി കപില്‍ ഷാ പറയുന്നു. സമരരംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 190 കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒപ്പിട്ട കത്ത് പുറത്തിറക്കിയിട്ടുണ്ട്.

പെപ്‌സിയുടെ നിലപാട്

കര്‍ഷകര്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് നിയമവിരുദ്ധമായാണ്. ഈ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും ഉല്‍പ്പാദിപ്പിച്ച് അനുമതിയില്ലാതെ വില്‍ക്കുന്നതും പിപിവി ആക്ടിലെ സെക്ഷനുകള്‍ 64നും 65നും എതിരാണ്. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് കര്‍ഷകര്‍ 1.05 കോടി രൂപ നല്‍കണം.

കോടതിയില്‍ നടന്നത്

പെപ്‌സിയുടെ ഹര്‍ജി പരിഗണിച്ച അഹമ്മദാബാദിലെ വാണിജ്യ കോടതി കഴിഞ്ഞയാഴ്ച കര്‍ഷകര്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതിന് സ്‌റ്റേ ഏര്‍പ്പെടുത്തി. പ്രഥമദൃഷ്ട്യാ പെപ്‌സി കമ്പനിക്ക് അനുകൂലമായ കാര്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു. വിധി കര്‍ഷകര്‍ക്ക് അനുകൂലമായാല്‍ കമ്പനിക്ക് വലിയ നഷ്ടം. പെപ്‌സിയുടെ ആവശ്യപ്രകാരം അന്വേഷണത്തിനായി കോടതി കോര്‍ട്ട് കമ്മീഷണറെ നിയമിച്ചു. സാംപിളുകളെടുത്ത് ഗവണ്‍മെന്റ് ലബോറട്ടറികള്‍ക്കും ഷിംലയിലെ പൊട്ടറ്റോ റിസര്‍ച്ച് സെന്റിനും അയച്ചുകൊടുക്കണം. പെപ്‌സി സ്വന്തമായി സാംപിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ അവര്‍ കണ്ടെത്തിയത്. ഇത് തങ്ങള്‍ രജിസ്റ്റര്‍ ചെയ്ത തരം ഉരുളക്കിഴങ്ങാണ് എന്നാണ്.

പ്രൈവറ്റ് ഡിറ്റക്ടീവുകളെ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് വാങ്ങാനെന്ന പേരില്‍ കര്‍ഷകരെ സമീപിച്ച് ഒളിക്യാമറ ഓപ്പറേഷന്‍ പെപ്‌സി കമ്പനി നടത്തി. ഇതിന് ശേഷമാണ് കര്‍ഷകര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. 2018 മുതല്‍ മൂന്ന് ജില്ലകളിലായി ഒമ്പത് കര്‍ഷകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

This post was last modified on April 27, 2019 8:09 am