X

മുഖ്യമന്ത്രി കൊലപാതകിയാണെന്ന വാട്ട്‌സ് ആപ്പ് പോസ്റ്റ്: വനിതാ പോലീസിന് സസ്‌പെന്‍ഷന്‍

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊലപാതക കേസില്‍ പ്രതിയാണെന്ന വാട്ട്‌സ് ആപ്പ് പോസ്റ്റ് പ്രചരിച്ച വനിതാ പോലീസിനെ സസ്‌പെന്‍ഡ് ചെയ്തു. തൊടുപുഴ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെഎസ് അഞ്ജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ‘തൊടുപുഴ കാവല്‍’ എന്ന പേരിലുള്ള തൊടുപുഴയിലെ പോലീസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെക്കുറിച്ചുള്ള പോസ്റ്റ് ഇവര്‍ ഷെയര്‍ ചെയ്തത്. തൊടുപുഴ സിഐ എന്‍ജി ശ്രീമോന്‍, ജില്ലാ പോലീസ് മേധാവി എവി ജോര്‍ജിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു നടപടി.

കണ്ണൂരില്‍ സിപിഐഎം കൊന്നൊടുക്കിയ ഒരു ചെറിയ പട്ടിക എന്നു തുടങ്ങുന്ന പോസ്റ്റില്‍ 1969 മുതല്‍ 2013 വരെ സിപിഐഎം ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പറയുന്ന ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുണ്ട്. ഇതില്‍ 1964ല്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രി പ്രതിയാണെന്നും പരാമര്‍ശമുണ്ട്. ഇതാണ് അഞ്ജുവിനെ് സസ്‌പെന്‍ഡ് ചെയ്യുവാന്‍ കാരണമായത്.

ഫെയ്‌സ്ബുക്കിലും സാമാനമായ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. കണ്ണൂരിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഐഎമിന്റെയും, ബിജെപിയുടെയും പ്രവര്‍ത്തകര്‍ എതിരാളികള്‍ കൊന്ന തങ്ങളുടെ പ്രവര്‍ത്തകരുടെ ലിസ്റ്റ് വിശദീകരിച്ചുള്ള പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

This post was last modified on December 27, 2016 2:23 pm