X

മധ്യപ്രദേശില്‍ പോലീസിനു നക്സലുകളെക്കാള്‍ പേടി ആര്‍ എസ് എസിനെ

അഴിമുഖം പ്രതിനിധി

മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ബൈഹാറില്‍ ആർ എസ് എസുകാരനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുണ്ടായ ആശയകുഴപ്പങ്ങൾ തുടരുന്നു. മതസൗഹാർദ്ദം തകർക്കുന്ന വിധത്തിലുള്ള ഇസ്ലാം വിരുദ്ധ സന്ദേശം സുരേഷ്  യാദവ് എന്ന ആർ എസ് എസ് ജില്ലാ പ്രചാരക് വാട്സ്അപ്പിൽ  അയച്ചതിനെ തുടർന്നായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.

എന്നാൽ കസ്റ്റഡിയിൽ വെച്ച് യാദവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു എന്ന പരാതിയില്‍ ഗവണ്‍മെന്‍റ് രണ്ടു പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും മൂന്ന് പേരെ ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിരുന്നു. അവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസും എടുത്തിട്ടുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് ജബല്‍പൂര്‍  ആശുപത്രിയില്‍ പ്രവേശിക്കപെട്ടിരുന്ന സുരേഷ് യാദവ് രണ്ടു ദിവസം മുന്‍പ് ആശുപത്രി വിട്ടു. മുന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. 

അതേസമയം പോലീസുകാര്‍ക്കെതിരെ നടപടി എടുത്തതില്‍ പ്രതിഷേധിച്ച് അവരുടെ കുടുംബംഗങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട പോലീസുകാരുടെ ഭാര്യമാരുള്‍പ്പെടെ ഇരുപതോള്ളം സ്ത്രീകള്‍ മധ്യപ്രദേശ്‌ ഐ ജി ജി. ജനാര്‍ദനു പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിനായി മധ്യപ്രദേശ്‌ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന് ഐ ജി പരാതി കൈമാറിയിരിക്കുകയാണ്. 

സുരേഷ് യാദവിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന്  ആര്‍ എസ് എസുകാരും വിശ്വ ഹിന്ദു പരിഷദ് പ്രവര്‍ത്തകരും ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും സംഭവ സ്ഥലത്ത് ഒത്തുകൂടുകയും പോലീസ് സ്റ്റേഷന് തീ വെക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുകയുണ്ടായി, ഭയരഹിതമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം പോലീസിനു നല്‍കിയില്ല എന്നും നിരപരാധികളായ പോലീസുകാര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് അംഗീകരിക്കാനാവിലെന്നും നിവേദനത്തില്‍ പറയുന്നു.

യാദവിനെ പോലീസ് ആക്രമിക്കുകയായിരുന്നെന്നും സൈബര്‍ സെല്‍ അന്വേഷിക്കേണ്ട കേസ് പോലീസ് അന്വേഷിച്ചത് മനഃപൂര്‍വമാണെന്നുമാണ് ആര്‍ എസ് എസ് വക്താക്കള്‍ പറയുന്നു.  

പോലീസിനോട് സഹകരിക്കാന്‍ തയ്യാറാവാതെ ഓടിപ്പോകാന്‍ ശ്രമിച്ച സുരേഷ് യാദവിനെ ബലം പ്രയോഗിച്ച് പിടിച്ചുവെക്കുക മാത്രമാണ് ചെയ്തതെന്ന് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ സിയ- ഉൾ-ഹഖ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ യാദവ് പൂര്‍ണ ആരോഗ്യവാനായിരുന്നു. 

സർക്കാരിന്റെ നടപടി ഒരു വിഭാഗം പോലീസുകാരെയും രാജ്യത്തെ ഇസ്ലാം മതവിഭാഗത്തിന്റെയും ഉള്ളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ്  ദിഗ്‌വിജയ് സിംഗ്  പറഞ്ഞു. തെറ്റു ചെയ്തവരെ ഗവണ്‍മെന്‍റ് സംരക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

This post was last modified on December 27, 2016 2:23 pm