X

അമ്മയുടെ വഴിയെ പോകാനില്ല; ഫെഫ്കയ്ക്ക് ദിലീപിനെ തത്കാലം വേണ്ട

ദിലീപിന്റെ തിരിച്ചു വരവ് കേസ് അവസാനിച്ചശേഷം മാത്രം മതിയെന്ന നിലപാടിലാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവം വലിയ വിവാദമായി മാറിയ സാഹചര്യത്തില്‍ സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനായ ഫെഫ്കയിലേക്ക് തത്കാലം നടനെ തിരിച്ചെടുക്കില്ല. നടിയെ അക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിന്റെ കേസ് അവസാനിച്ചതിന് ശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്താന്‍ മതിയെന്ന നിലപാടിലാണ് ഫെഫ്ക എന്നറിയുന്നു.

കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഫെഫ്കയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സാധാരണ ഗതിയില്‍ സസ്‌പെന്‍ഷന്‍ 6 മാസം കഴിഞ്ഞാല്‍ തുടര്‍നടപടികളുണ്ടായില്ലെങ്കില്‍ നടപടി കാലവധി അവസാനിച്ചതായാണ് കണക്കാക്കുന്നത്. എന്നാല്‍ ദിലിപിന്റെ കാര്യത്തില്‍ ഈ സാങ്കേതികത ഉന്നയിക്കാന്‍ ഫെഫ്ക്ക ഒരുക്കമല്ല. ദിലീപിനെ തിരിച്ചെടുത്ത അമ്മക്കെതിരെ പൊതു സമൂഹത്തില്‍ നിന്നടക്കം ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഫെഫ്ക്കയുടെ തീരുമാനം. അമ്മയ്ക്ക് മുമ്പേ തീയേറ്റര്‍ ഉടമകളുടെ അസോസിയേഷനും ദിലീപിനെ തിരിച്ചെടുത്തിരുന്നു. സഹസംവിധായകന്‍ എന്ന നിലയിലാണ് ഫെഫ്കയില്‍ ദിലീപിന് അംഗത്വമുള്ളത്.