X

ഭാരതിനായി ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ ആളുകൾ തയ്യാറാണ്, അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചത്; വിമർശനവുമായി സൽമാൻ ഖാൻ

'നന്ദി പ്രിയങ്ക, ഞാനെന്നും അവരോട് കടപ്പെട്ടിരിക്കും. എന്തെന്നാൽ അവർ കാരണമാണ് ചിത്രത്തിൽ നായികയായി കത്രീന കെയ്ഫ് എത്തിയത്'

അലി അബ്ബാസ്​ സഫറിന്റെ സംവിധാനത്തിൽ സൽമാൻ ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഭാരത്. ചിത്രത്തിൽ നിന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നടി പ്രിയങ്ക ചോപ്ര പിന്മാറിയത്. അമേരിക്കൻ ​ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ഭാരതിൽ നിന്ന് പിന്മാറിയത് എന്നായിരുന്നു റിപോർട്ടുകൾ. ഇപ്പോഴിതാ പ്രിയങ്കയുടെ തീരുമാനത്തെ വിമർശിച്ച് സൽമാൻ ഖാൻ രംഗത്തെത്തിയിരിക്കുകയാണ്.

നന്ദി പ്രിയങ്ക, ഞാനെന്നും അവരോട് കടപ്പെട്ടിരിക്കും. എന്തെന്നാൽ അവർ കാരണമാണ് ചിത്രത്തിൽ നായികയായി കത്രീന കെയ്ഫ് എത്തിയത്. ഭാരതിനായി എന്തും നൽകാൻ ആളുകൾ തയ്യാറാണ്. ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ. അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചതെന്ന് സൽമാൻ ഖാൻ പറയുന്നതായും മുംബൈ മിറർ ദിന പത്രം റിപ്പോർട്ട് ചെയ്‌തു. ചിത്രത്തിൽനിന്ന് പ്രിയങ്ക പിന്മാറിയിരുന്നില്ലെങ്കിൽ കത്രീനയെ എങ്ങനെ ചിത്രത്തിൽ അഭിനയിപ്പിക്കുമായിരുന്നുവെന്നും സൽമാൻ ഖാൻ പറഞ്ഞു.

പ്രിയങ്കയുടെ സൗകര്യത്തിനനുസരിച്ച് ചിത്രീകരണത്തിന്റെ തീയ്യതി മാറ്റാമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന്റെ തയ്യാറെടുപ്പുകൾക്ക് എത്ര സമയം വേണ്ടിവരുമെന്ന് തനിക്കറിയില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഭാരതിന്റെ ട്രെയിലർ ഇറങ്ങിയിട്ട് ഇതുവരെ പ്രിയങ്ക തന്നെ വിളിച്ചില്ലെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ച് രണ്ട് ദിവസങ്ങളിലായാണ് പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ് വിവാഹം നടന്നത്. ഡിസംബർ ഒന്നിന് ക്രിസ്തീയ ആചാരപ്രകാരവും രണ്ടിന് ഹിന്ദുമത ആചാരപ്രകാരവുമായിരുന്നു വിവാഹം.

ചിത്രത്തിൽ നിന്ന പ്രിയങ്ക പിന്മാറിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വിവാഹനിശ്ചയം കാരണമാണ് സിനിമയില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് പ്രിയങ്ക തങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പും നല്‍കാതെ ചിത്രത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത് ഒട്ടും ശരിയായില്ലെന്ന് സിനിമയുടെ സഹനിര്‍മാതാവായ നിഖില്‍ നമിത് ട്വിറ്ററിൽ കുറിച്ചിരുന്നു.

തബു, ദിഷാ പട്ടാനി, സുനിൽ ഗ്രോവർ തുടങ്ങിയവരാണ് ഭാരതിലെ മറ്റ് പ്രധാന താരങ്ങൾ. ദക്ഷിണ കൊറിയൻ ചിത്രം ഓഡ് ടു മൈ ഫാദർ എന്ന ചിത്രത്തിന്റെ റീമേകായ ചിത്രം ഈദ് റിലീസായി ജൂൺ 5 ന് തീയേറ്ററിൽ എത്തും.

This post was last modified on May 23, 2019 8:21 am

Related Post
Leave a Comment