X

“ഈ നാശം പിടിച്ച സിനിമ കാണാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിക്കുകയാണ്, വൃത്തികെട്ട സംവിധായകന്‍”; പേരന്‍പിനെ കുറിച്ച് വ്യത്യസ്തമായൊരു കുറിപ്പ്

ഒരു മനുഷ്യന്‍, അതിലുപരി ഒരച്ഛന്‍, അതിലുപരി രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍, അതിലുമുപരി മകളിലൊരുവളെ മടിയിലിരുത്തി സിനിമ കാണേണ്ടി വന്ന ഒരച്ഛന്‍ ഇതൊക്കെയെങ്ങനെ താങ്ങുമെന്ന് ചിന്തിച്ചിട്ടുണ്ടോടോ ഇയാള്‍

റിലീസിന് മുന്നേ തന്നെ സിനിമാലോകത്തെ ഒട്ടേറെ പ്രമുഖരുടെ പ്രശംസകൾ ഏറ്റുവാങ്ങിയ മമ്മൂട്ടിയുടെ തമിഴ് ചിത്രമാണ് പേരന്‍പ്. ദേശീയ അവാർഡ് ജേതാവ് റാമിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ ബാല താരം സാധനയുടെ മികച്ച പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തെ പുകഴ്ത്തി പലരും നവമാധ്യമങ്ങളിലെത്തി. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചിത്രത്തെ പുകഴ്ത്തിയുള്ള വ്യത്യസ്തമായൊരു കുറിപ്പാണ്.

സുജേഷിൻറെ കുറിപ്പ് ഇങ്ങനെ;

ഇന്നലെ ഈ നാശം പിടിച്ച സിനിമ കാണാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിക്കുകയാണ്.
നാശം പിടിച്ചത് തന്നെ. സംശയമില്ല.
അത് എല്ലാത്തിനേയും നശിപ്പിക്കുക തന്നെയാണ്.
എന്റെ ഹൃദയത്തെ, സ്വസ്ഥതയെ, എല്ലാത്തിനേയും.

തളളിയും ചവുട്ടിയും മാന്തിയും ഇടിച്ചും ഞാൻ ഞണുക്കിയെറിഞ്ഞ ഇന്നലത്തെ രാത്രി കഴിഞ്ഞ് ഇന്നെന്തിനാണ് ഞാനെന്റെ എരപ്പാളിയായ ചേട്ടനെ വിളിച്ചത്. അവനെന്തിനാണ് ഓട്ടിസം ബാധിച്ച മകൻ കൺമുന്നിലിരുന്ന് സ്വയംഭോഗം ചെയ്യാൻ ശ്രമിക്കുന്നത് കാണേണ്ടി വരുന്ന ഭർത്താവില്ലാത്ത അമ്മയുടെ സങ്കടം നേരിൽ കണ്ടെന്ന് എന്നോട് പറഞ്ഞത്. അവനെന്തിനാണ് ആ നിലവിളിക്കയറിൽ കുരുക്കി എന്നെ കൊല്ലാൻ ശ്രമിച്ചത്. സാഡിസ്റ്റ്.

ഇന്നലെ സിനിമ കാണാൻ പോയവഴിക്ക് എന്നെയൊന്നിടിച്ചിടാൻ ശേഷിയില്ലാത്ത വണ്ടികൾ, ഉടക്കിയപ്പോൾ എനിക്ക് രണ്ടെണ്ണം തന്ന് ഹോസ്പിറ്റലലിടാൻ കെൽപ്പില്ലാത്ത ക്ണ്ണാപ്പൻമാർ, തീരെ വയ്യ ഡോക്ടറുടെയടുത്ത് പോകണമെന്ന് പറഞ്ഞ് എന്നെ തിരിച്ച് വിളിയ്ക്കാൻ പോലും മണോം കൊണോമില്ലാത്ത വീട്ടുകാർ…ശ്ശെ

ഭാര്യയൊരുതരത്തിൽ ഭാഗ്യവതിയാണ്. കുഞ്ഞ് ബഹളമുണ്ടാക്കുന്നത് കൊണ്ട് വരുന്നില്ലെന്ന് പറഞ്ഞ അവൾക്ക് വീട്ടിൽ കിടന്ന് മനസ്സമാധാനമായി ഉറങ്ങാൻ പറ്റിയല്ലോ.

അമിത പ്രതീക്ഷയുടെ ഭാരം പേറിയ എന്റെ തലയിൽ കൂടം കൊണ്ടടിച്ച വൃത്തികെട്ട സംവിധായകൻ.

ഇങ്ങനെയാണോടോ പടം ചെയ്യുന്നത്. മോൾക്ക് ആർത്തവമുണ്ടാകുമ്പോഴും ലൈംഗിക വിചാരമുണ്ടാകുമ്പോഴും ഏതെങ്കിലുമൊരച്ഛൻ ഇങ്ങനെ ചിന്തിക്കുമോടോ?
ചതിച്ചവരോടും വെറുത്തവരോടും ഏതെങ്കിലുമൊരു മനുഷ്യൻ ഇങ്ങനെ പെരുമാറുമോടോ?
ഏതെങ്കിലുമൊരാൾ ഈ തരത്തിൽ ചെയ്യുമോടോ?
അഥവാ ചെയ്താലും ഇയാളതെടുത്ത് സിനിമയാക്കാൻ പാടുണ്ടോടോ മനസ്സാക്ഷിയില്ലാത്തവനേ.

ഒരു മനുഷ്യൻ, അതിലുപരി ഒരച്ഛൻ, അതിലുപരി രണ്ട് പെൺകുട്ടികളുടെ അച്ഛൻ, അതിലുമുപരി മകളിലൊരുവളെ മടിയിലിരുത്തി സിനിമ കാണേണ്ടി വന്ന ഒരച്ഛൻ ഇതൊക്കെയെങ്ങനെ താങ്ങുമെന്ന് ചിന്തിച്ചിട്ടുണ്ടോടോ ഇയാൾ.

സാമ്പത്തിക ലാഭത്തിന് വേണ്ടി യഥാർത്ഥത്തിൽ അസുഖം ബാധിച്ച കൊച്ചിനെക്കൊണ്ട് വന്ന് അഭിനയിപ്പിച്ചത് പോക്രിത്തരമല്ലേടോ.

അതിലും വലിയ തെണ്ടിത്തരമല്ലേടോ മമ്മൂട്ടിയുടെ രൂപ സാദൃശ്യമുള്ള അവളുടെ അച്ഛനെത്തന്നെ ഈ സിനിമയിൽ ഉപയോഗിച്ചത്…

9.9/10

This post was last modified on February 6, 2019 2:06 pm