X

ഡെസ്മണ്ട് ടുട്ടു ഓക്സ്ഫാം അംബാസഡര്‍ സ്ഥാനം രാജി വച്ചു

സംഘടനയുടെ അധാര്‍മ്മിക പ്രവൃത്തികളും ക്രിമിനല്‍ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളും കാരണമാണ് രാജി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഡെസ്മണ്ട് ടുട്ടു പ്രസ്താവനയില്‍ അറിയിച്ചു.

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിഖ്യാത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു, ആതുരസേവന സംഘടനയായ ഓക്‌സ്ഫാമിന്റെ അംബാസഡര്‍ സ്ഥാനം രാജി വച്ചു. സംഘടനയുടെ ലൈംഗിക പീഡനങ്ങളില്‍ മനസ് മടുത്താണ് രാജി വയ്ക്കുന്നതെന്നാണ് വര്‍ണവിവേചന വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്ന ഡെസ്മണ്ട് ടുട്ടു പറയുന്നത്. ആഗോളതലത്തിലെ മുതിര്‍ന്ന വ്യക്തികള്‍ ഉള്‍പ്പെടുന്ന എല്‍ഡേര്‍സ് ഗ്രൂപ്പുമായി ചേര്‍ന്ന് ഡെസ്മണ്ട് ടുട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയുടെ അധാര്‍മ്മിക പ്രവൃത്തികളും ക്രിമിനല്‍ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളും കാരണമാണ് രാജി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഡെസ്മണ്ട് ടുട്ടു പ്രസ്താവനയില്‍ അറിയിച്ചു.

ഹെയ്തി ഭൂകമ്പത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ ലൈംഗികാതിക്രമം നടത്തിയതിന് പുറത്താക്കിയ വ്യക്തിയെ കഴിഞ്ഞ ദിവസം സംഘടന തിരിച്ചെടുത്തത് വിവാദമായിരുന്നു. എത്യോപ്യയില്‍ കണ്‍സള്‍ട്ടന്റായാണ് ഇയാളെ വീണ്ടും നിയമിച്ചത്. അടിയന്തര സാഹചര്യത്തില്‍ ഹ്രസ്വ കാലത്തേയ്ക്കാണ് നിയമിച്ചത് എങ്കില്‍ പോലും ഇതൊരു ഗുരുതരമായ തെറ്റായി പോയെന്ന് ഓക്‌സഫാം വിലയിരുത്തിയിരുന്നു. ഇത് സംബന്ധിച്ച് പരിശോധിക്കുമെന്നും ഓക്‌സ്ഫാം വ്യക്തമാക്കിയിട്ടുണ്ട്. ഈ ആഴ്്ച നടി മിന്നി ഡ്രൈവറും ഓക്‌സ്ഫാം അംബാസഡര്‍ പദവി രാജി വച്ചിരുന്നു.