X

ടൂറിസ്റ്റുകള്‍ക്ക് കന്യകമാരെ വാഗ്ദാനം ചെയ്തു ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍റ്റെ

വിവാദ പരാമര്‍ശം അസ്യാന്‍ സമ്മേളനത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ എത്തിയപ്പോള്‍

സ്ത്രീ വിരുദ്ധ തമാശകള്‍ പൊട്ടിക്കുന്നതിന്റെ പേരില്‍ കുപ്രസിദ്ധനായ ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍റ്റെ വീണ്ടും വിവാദത്തില്‍. ഇസ്ലാമിക് സ്‌റ്റേറ്റിനെ കളിയാക്കുന്നതിനായി ന്യൂഡല്‍ഹിയില്‍ വച്ച് അദ്ദേഹം നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജിഹാദിന് വേണ്ടി പോരാടുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ 72 കന്യകമാരെ ലഭിക്കുമെന്ന ഐഎസ് വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് ആ ഭാഗ്യം ഭൂമിയിലാണ് ലഭിക്കേണ്ടതെന്നായിരുന്നു ഫിലിപ്പിന്‍സ് പ്രസിഡന്റിന്റെ പരാമര്‍ശം. അസ്യാന്‍ സമ്മേളനത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ എത്തിയ ഡ്യൂടെര്‍റ്റെ ഫിലിപ്പിന്‍സ്-ഇന്ത്യ ബിസിനസ് ഫോറത്തിന്റെ യോഗത്തില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം നടത്തിയത്.

അത്രയും കന്യകമാരുമായി യാത്ര ചെയ്യുന്നവരെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 72 കന്യകമാര്‍ സ്വര്‍ഗത്തിലല്ല ഭൂമിയില്‍ തന്നെ വേണമെന്നാണ് തന്റെ താല്‍പര്യമെങ്കിലും ദൈവം അതിന് അനുവദിക്കുന്നില്ലെന്നാണ് ഡ്യൂടെര്‍റ്റെ അഭിപ്രായപ്പെടുന്നത്. ഫിലിപ്പിന്‍സ് പ്രസിഡന്റ് ഇതാദ്യമായല്ല സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വെട്ടിലാവുന്നത്. മിസ് യൂണിവേഴ്‌സിനെ ബലാല്‍സംഗം ചെയ്യാന്‍ ധൈര്യം കാണിക്കുന്ന വ്യക്തിയെ താന്‍ അഭിനന്ദിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഒരു പട്ടാളക്കാരന് മൂന്ന് സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ അവകാശമുണ്ടെന്നായിരുന്നു മറ്റൊരു പരാമര്‍ശം.

1989ല്‍ ബലാല്‍സംഗത്തിലൂടെ കൊല്ലപ്പെട്ട ഒരു സ്ത്രീ ‘സുന്ദരിയായിരുന്നു’ എന്ന ഡ്യൂടെര്‍റ്റെയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. 2016 ജൂണില്‍ ഒരു ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയെ ചൂളംവിളിച്ച് കളിയാക്കിയതിനും അദ്ദേഹം വിമര്‍ശനം നേരിട്ടിരുന്നു. പ്രസിഡന്റിന്റെ പുതിയ പരാമര്‍ശം ഫിലിപ്പിന്‍സില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കന്യകമാരെ കൂട്ടിക്കൊടുക്കാനാണ് പ്രസിഡന്റ് ആഗ്രഹിക്കുന്നതെന്ന് ജിം എന്നൊരാള്‍ ട്വീറ്റ് ചെയ്തു. യുഎസ് പ്രസിഡന്റ് ട്രംപ് ദാവോസില്‍ അമേരിക്കന്‍ വ്യാപാരത്തിന്റെ കച്ചവടം നടത്തുമ്പോള്‍ ഡ്യൂടെര്‍റ്റെ ന്യൂഡല്‍ഹിയില്‍ ഫിലിപ്പിന്‍ കന്യകമാര്‍ ഉള്‍പ്പെടുന്ന ലൈംഗിക വിനോദസഞ്ചാര വില്‍പനയിലാണെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

‘മരണസംഘത്തിന്റെ മേയര്‍’ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ആയപ്പോള്‍

This post was last modified on January 27, 2018 4:00 pm