X

ജോലി തട്ടിപ്പ്; മുന്‍ കോണ്‍ഗ്രസ്സ് എംഎല്‍എ എംപി വിൻസെൻറിനെ അറസ്റ്റ് ചെയ്തു

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 22.25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എംപി വിൻസെൻറിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. റെയിൽവേയില്‍ സ്പോർട്സ് ക്വാട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. മുന്‍ എംപിയും ഗുരുവായൂർ ദേവസ്വം ചെയർമാനുമായ എം പീതാംബരക്കുറുപ്പ് മൂന്നാം പ്രതിയാണ്.

2013 നവംബറിലാണ് കേസിനാസ്പദമായ സംഭവംനടന്നത്. കൊല്ലം എംപിയായിരുന്ന പീതാംബരക്കുറുപ്പ് റെയിവേ ബോര്‍ഡ് അംഗമായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് തന്റെ മകന് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു ഇടനിലക്കാര്‍ മുഖേന പണം വാങ്ങിയെന്ന തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി മണ്ടയന്‍ വീട്ടില്‍ ഷാജെൻറ പരാതിയിലാണ് അറസ്റ്റ്. പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന വിന്‍സെന്‍റ് മുൻകൂർ ജാമ്യം നേടി പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

കേസില്‍ ആലപ്പുഴ അമ്പലപ്പുഴ കോമനമുറി സ്വദേശി സായിശ്രീ വീട്ടില്‍ ജെയ്മല്‍ കുമാര്‍ (57), തൃശൂര്‍ കോടാലി കൊളത്തൂപറമ്പന്‍ ഷിജു (40) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന് ഷാജനും മകനും നൽകിയ പരാതി അദ്ദേഹം ഡിജിപിക്ക് കൈമാറുകയായിരുന്നു. ആ പരാതിയിൽ നടന്ന അന്വേഷണത്തിൽ തട്ടിപ്പ് നടന്നതായി തെളിഞ്ഞതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കായിക താരമായിരുന്നു ഷാജന്‍റെ മകന്‍ സനീഷ്.