X

റെയില്‍വേ ജീവനക്കാരനായിരുന്ന അച്ഛന്റെ പെന്‍ഷന്‍ ലഭിക്കണം: ലിംഗമാറ്റം നടത്തി സ്ത്രീ ആയ 32കാരിയുടെ അപേക്ഷ കേന്ദ്ര സര്‍ക്കാരിന്

അച്ഛന്‍ മരിക്കുന്നതിന് മുമ്പ് തന്നെ സ്ത്രീയായാണ് താന്‍ ജീവിച്ചിരുന്നത് എന്ന് അപേക്ഷ നല്‍കിയ വ്യക്തി പറയുന്നു.

2017ല്‍ മരിച്ച മുന്‍ റെയില്‍വെ ജീവനക്കാരനായ പിതാവിന്റെ പെന്‍ഷന്‍ തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയ 32കാരി റെയില്‍വേയെ സമീപിച്ചു. സതേണ്‍ റെയില്‍വേയ്ക്കാണ് യുവതി അപേക്ഷ നല്‍കിയത്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ റെയില്‍വേ കേന്ദ്ര സര്‍ക്കാരിന് കൈമാറി. 2017ലാണ് പിതാവ് മരിച്ചത്. 2018 പകുതിയോടെയാണ് റെയില്‍വേയ്ക്ക് അപേക്ഷ കിട്ടിയതെങ്കിലും ഇപ്പോളാണ് റെയില്‍വേ ഇത് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.

അതേസമയം അസാധാരണമായ ഈ അപേക്ഷയില്‍ എന്ത് നടപടിയെടുക്കാം എന്നത് സംബന്ധിച്ച് ചട്ടങ്ങള്‍ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് പേഴ്‌സണല്‍ മന്ത്രാലയത്തിന് റെയില്‍വേ കത്ത് നല്‍കിയത്. മന്ത്രാലയത്തിലെ പേഴ്‌സണല്‍, പെന്‍ഷന്‍സ്, ഗ്രീവന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരും എന്ന് റെയില്‍വേ പറയുന്നു. പെന്‍ഷന്‍ നിയമ പ്രകാരം 25 വയസിന് മുകളില്‍ പ്രായമുള്ള ആണ്‍മക്കള്‍ക്ക് ഫാമിലി പെന്‍ഷന് അര്‍ഹതയില്ല. അതേസമയം അവിവാഹിതയോ വിവാഹമോചിതയോ ആയ മകള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ട്. ജീവനക്കാരന്റെ ഭാര്യയുടെ മരണത്തിന് ശേഷമാണ് ഇത്തരത്തില്‍ മകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുക.

അച്ഛന്‍ മരിക്കുന്നതിന് മുമ്പ് തന്നെ സ്ത്രീയായാണ് താന്‍ ജീവിച്ചിരുന്നത് എന്ന് അപേക്ഷ നല്‍കിയ വ്യക്തി പറയുന്നു. പരാശ്രയമില്ലാതെ ജീവിക്കുന്ന, അവിവാഹിതയായ സ്ത്രീയായ താന്‍ പെന്‍ഷന് അര്‍ഹയാണ് എന്ന് അപേക്ഷക പറയുന്നു. 160 വര്‍ഷത്തെ ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നിട്ടില്ല എന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. അവര്‍ക്ക് തമിഴ്‌നാട് ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫയര്‍ അസോസിയേഷന്റെ ഐഡി കാര്‍ഡ് ഉള്ളതിനാല്‍ ട്രാന്‍സ്‌ജെന്‍ഡറായാണ് ഉദ്യോഗസ്ഥര്‍ പരിഗണിച്ചത്. പരാതിക്കാരി തന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളിയോടൊപ്പമാണ് ജീവിക്കുന്നത്.

This post was last modified on June 27, 2019 9:34 am