X

വരള്‍ച്ചയെ നേരിടാന്‍ ദേശീയ നയം രൂപീകരിക്കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി

വരള്‍ച്ച പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാനും അങ്ങേയറ്റം കടുത്ത കാലാവസ്ഥ സാഹചര്യം സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനുള്ള നിയമപരമായ സമയം തീരുമാനിക്കാനും കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. 

നിരവധി നിര്‍ദ്ദേശങ്ങളാണ് വരള്‍ച്ച പ്രഖ്യാപിക്കുന്നതിനുള്ള നയം പ്രഖാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു എന്‍ജിഒ നല്‍കിയ ഹര്‍ജിയില്‍ വിധി പറയവേ സുപ്രീംകോടതി മുന്നോട്ടു വച്ചിരിക്കുന്നത്. വരള്‍ച്ചാ സാഹചര്യം നേരിടാന്‍ ദുരിതാശ്വാസ നിവാരണ സേന, ഫണ്ട് തുടങ്ങിയ രൂപീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബീഹാര്‍, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യമാണോ നിലനില്‍ക്കുന്നത് എന്ന് വിലയിരുത്താന്‍ ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്താന്‍ കൃഷി സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

വരള്‍ച്ച പ്രഖ്യാപിക്കുന്നതിനുള്ള സാഹചര്യം ഏകീകരിക്കണമെന്നും വരള്‍ച്ച കാലത്തുണ്ടാകുന്ന കര്‍ഷകരുടെ ആത്മഹത്യ, സമ്മര്‍ദ്ദം, പലായനം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലെ മഴ കുറവ് കാരണം രാജ്യത്തെ 256 ജില്ലകള്‍ രൂക്ഷമായ ജലക്ഷാമം നേരിടുകയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. വരള്‍ച്ചയെ നേരിടുന്നതിനെ സംസ്ഥാനങ്ങളുടെ ചുമലിലേക്ക് വച്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

This post was last modified on December 27, 2016 4:09 pm