X

ഫ്രീഡം 251-നെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല, തട്ടിപ്പ് ആരോപിച്ച് ബിപിഒ

അഴിമുഖം പ്രതിനിധി

ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ ഉടമകളായ റിംഗിങ് ബെല്‍സിനെതിരെ ആരോപണവുമായി കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസ് വിഭാഗം കൈകാര്യം ചെയ്യുന്ന കമ്പനി രംഗത്തെത്തി. പണം നല്‍കുന്നതില്‍ വീഴ്ച്ചവരുത്തിയെന്നും തട്ടിപ്പ് നടക്കുകയാണെന്നും ബിപിഒ കമ്പനിയായ സൈഫ്യൂച്ചര്‍ ആരോപിച്ചു. എന്നാല്‍ റിംഗിങ് ബെല്‍സ് ആരോപണം നിഷേധിച്ചു.

ഉപഭോക്താക്കളില്‍ നിന്നും ഫോണ്‍ വിളികള്‍ കൈകാര്യം ചെയ്യുന്നത് സൈഫ്യൂച്ചറാണ്. തങ്ങള്‍ക്ക് റിംഗിങ് ബെല്‍സിനെ കുറിച്ചും അവരുടെ ബിസിനസ് മോഡലിനെ കുറിച്ചും സംശയമുണ്ടായിരുന്നുവെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ അനുജ് ഭൈരതി പറഞ്ഞു. അവരുടെ മാനേജ്‌മെന്റ് സംഘവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അവരുടെ ഫോണ്‍ ലോഞ്ചിംഗ് പരിപാടിയില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന രാഷ്ട്രീയക്കാരുടെ പേരുകള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് അനുജ് പറഞ്ഞു.

ഫോണ്‍ അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ലക്ഷക്കണക്കിന് ഫോണ്‍ വിളികള്‍ ലഭിച്ചുവെന്നും കൃത്യമായി പ്രതികരിച്ചുവെന്നും തങ്ങളുടെ സേവനത്തില്‍ റിംഗിങ് ബെല്‍സ് സംതൃപ്തരും ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിക്കാനുള്ള പണം ചോദിച്ചപ്പോള്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും സേവനത്തില്‍ അതൃപ്തരാണെന്ന് പറഞ്ഞ് കരാര്‍ അവസാനിപ്പിക്കുകയും ചെയ്തുവെന്ന് അനുജ് പറയുന്നു.

ഇത് വഞ്ചനയുടേയും തട്ടിപ്പിന്റേയും കരാറിന്റെ ലംഘനവുമാണ്. ഒരു വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരുന്നതെന്നും അതിനുമുമ്പ് കരാര്‍ റദ്ദാക്കാന്‍ പാടില്ലെന്നും ആയിരുന്നു വ്യവസ്ഥയെന്ന് അനുജ് വ്യക്തമാക്കി.

എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും നേരിട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയതെന്ന് റിംഗിങ് ബെല്‍സ് വ്യക്തമാക്കി.

 

This post was last modified on December 27, 2016 3:49 pm