X

സ്മൃതി ഇറാനി മാപ്പ് പറഞ്ഞില്ലെങ്കില്‍ സഭ നടക്കില്ലെന്ന് പ്രതിപക്ഷം

അഴിമുഖം പ്രതിനിധി

പാര്‍ലമെന്റില്‍ ദുര്‍ഗാ ദേവിയെകുറിച്ച് വിവാദ പ്രസ്താവന നടത്തിയ സ്മൃതി ഇറാനി മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇല്ലെങ്കില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാനാണ് തീരുമാനം.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതും ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്യാനിടയായതും സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയവേയാണ് സ്മൃതി ഇറാനി വിവാദ പ്രസ്താവന നടത്തിയത്.

ജെഎന്‍യു കാമ്പസില്‍ പ്രചരിപ്പിക്കപ്പെട്ടത് എന്ന് ആരോപിക്കപ്പെട്ട ലഘുലേഖയില്‍ നിന്നുള്ള ഭാഗമാണ് വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി സഭയില്‍ വായിച്ചത്. ജെഎന്‍യുവിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ദുഷിച്ച മാനസികാവസ്ഥയെയാണ് ഇത് കാണിക്കുന്നതെന്ന് അവര്‍ ആരോപിച്ചിരുന്നു.

ജെഎന്‍യുവില്‍ മഹിഷാസുരന്റെ രക്തസാക്ഷിത്വ ദിനം ആചരിച്ചുവെന്നും മന്ത്രി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം ഇറാനിയുടെ പ്രസംഗം തടസ്സപ്പെടുത്തിയിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യയില്‍ സ്മൃതി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

This post was last modified on December 27, 2016 3:49 pm