X

സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ഥനകളും വേണ്ട, നിലവിളക്കും കൊളുത്തേണ്ട: മന്ത്രി ജി.സുധാകരന്‍

അഴിമുഖം പ്രതിനിധി 

സര്‍ക്കാര്‍ പരിപാടികളില്‍ യാതൊരുവിധ പ്രാര്‍ത്ഥനകളും പാടില്ലെന്നും നിലവിളക്ക് കൊളുത്തരുതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നിലവിളക്ക് കൊളുത്തരുതെന്ന് പറയുമ്പോള്‍ ചോദ്യം ചെയ്യുന്നവരിലുളളത് ബ്രാഹ്മണ മേധാവിത്വമാണ്. പറയുന്നയാള്‍ ബ്രാഹ്മണന്‍ അല്ലെങ്കിലും സംസ്‌കാരം ബ്രാഹ്മണ മേധാവിത്വത്തിന്റെതാണെന്നും അദ്ദേഹം വിശദമാക്കി.

 

“സര്‍ക്കാര്‍ പരിപാടികളില്‍ യാതൊരു പ്രാര്‍ത്ഥനയും പാടില്ല. കാരണം ഭരണഘടനയ്ക്ക് ജാതിയില്ല, മതമില്ല. ഗവണ്‍മെന്റ് പരിപാടിയില്‍ ഒരു മതത്തിന്റെയും ഒരു പാട്ടും പാടികൂട. നിലവിളക്ക് കൊളുത്തരുത് എന്ന് പറഞ്ഞിട്ടുളളത് ശരിയാണ്. കാരണം ഒരു വിളക്കും കൊളുത്തേണ്ട ആവശ്യമില്ല ഗവണ്‍മെന്റ് പരിപാടിയില്‍. എല്ലാ സ്‌കൂളുകളിലും കോളെജുകളിലും മോണിംഗ് അസംബ്ലിയില്‍ പറയേണ്ടതാണ് നമുക്ക് ജാതിയില്ല എന്ന്. നമ്മുടെ ദൈവത്തിന്റെയും ദേവിമാരുടെയും ഒന്നും സ്‌ത്രോതം ചൊല്ലിയിട്ട് യാതൊരു കാര്യവുമില്ല.

ഒരു സ്‌കൂള്‍ ഉദ്ഘാടനം ചെയ്യാന്‍ വന്നാല്‍ ഉടന്‍ഏതെങ്കിലും പെണ്‍കുട്ടികളെ വിളിച്ചുകൊണ്ട് വന്നിട്ട് ഏതെങ്കിലും പഴയ ഒരു ദേവിയുടെ അംഗപ്രത്യംഗ വര്‍ണനയാണ്. അംഗമൊന്നും ഞാന്‍ പറയുന്നില്ല. ഇത് എന്തിനാണിത് ? എന്ത് അര്‍ത്ഥമാണ് ഇതിനുള്ളത്? സ്‌കൂളിന്റെ ഉദ്ഘാടനത്തിന് ദേവിയുടെ അംഗപ്രത്യംഗ വര്‍ണന എങ്ങനെയാണ് അവരുടെ ഭാവിയെ സഹായിക്കുന്നത് ? എന്ത് കാര്യത്തിനാണിത് ?ഇതൊക്കെ പഴഞ്ചനും ഫ്യൂഡലിസ്റ്റിക്കുമായിട്ടുളളതാണ്. ഇതൊക്കെ ചോദ്യം ചെയ്യുന്നത് ഒരു ബ്രാഹ്മണ മേധാവിത്വം തന്നെയാണ്. പറയുന്നയാള്‍ ബ്രാഹ്മണന്‍ അല്ലാ എങ്കിലും സംസ്‌കാരം ബ്രാഹ്മണ മേധ്വാവിത്വത്തിന്റെതാണ്. ” മന്ത്രി പറഞ്ഞു. 

 

This post was last modified on December 27, 2016 2:38 pm