X

ഗ്രീസില്‍ ഇനി ഇടതുപക്ഷ ഭരണം

അഴിമുഖം പ്രതിനിധി

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഗ്രീസില്‍ ഇടതുപക്ഷ പാര്‍ട്ടിയായ സിറിസ അധികാരത്തിലെത്തി. പുരോഗമന ഇടതുപക്ഷ സഖ്യമായ സിറിസയുടെ നേതാവ് അലക്‌സിസ് സിപ്രാസ് പുതിയ പ്രധാനമന്ത്രിയാകും. 300 അംഗ പാര്‍ലമെന്റില്‍ 151 സീറ്റ് കിട്ടുന്നവര്‍ ഭരിക്കാം. അവസാനവട്ട സീറ്റുനില വ്യക്തമായിട്ടില്ല. സിറിസക്ക് 36 മുതല്‍ 38 ശതമാനം വോട്ടും ഭരണകക്ഷിയായ ന്യൂഡെമോക്രസിക്ക് 26 മുതല്‍ 28 ശതമാനം വരെ വോട്ടും കിട്ടിയതായി അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. 40 ശതമാനം വോട്ടുകളാണ് ഭരണത്തിനാവശ്യം. അഭിപ്രായ വോട്ടെടുപ്പുകള്‍ 40കാരനായ സിപ്രാസിന് അനുകൂലമായിരുന്നു. 

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രൂക്ഷമായ കടക്കെണിയിലായ ഗ്രീസിന് പുതിയ വായ്പകള്‍ നല്‍കുന്നതിന് കര്‍ശന ഉപാധികളാണ് യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര നാണയനിധിയും മുന്നോട്ട് വച്ചത്. നിലവിലെ പ്രധാനമന്ത്രി അന്റോണിയോ സമരാസ് മന്ത്രിസഭ നിബന്ധനകള്‍ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രീസിലെ സര്‍ക്കാര്‍ സബ്‌സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും പൊതുമേഖലയിലെ തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുകയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യം മുതലാക്കിയാണ് സിറിസ ഇപ്പോള്‍ അധികാരത്തില്‍ എത്തിയിരിക്കുന്നത്. 

ചെലവുചുരുക്കലിന്റെ പേരിലുള്ള തൊഴില്‍ വെട്ടിക്കുറയ്ക്കലിനെ എതിര്‍ക്കുന്ന ഇന്‍ഡിപെന്‍ഡന്റ് ഗ്രീക്ക്‌സിന്റെ പിന്തുണയും സിറിസയ്ക്ക് ലഭിച്ചു. തീവ്രവലതുപക്ഷപാര്‍ടിയായ ഗോള്‍ഡന്‍ ഡാണ്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഐഎംഎഫും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അടിച്ചേല്‍പ്പിക്കുന്ന ചെലവുചുരുക്കല്‍ നടപടികളെ എതിര്‍ക്കുന്ന സിറിസ ഗ്രീസിനെ ഇയുവിന് പുറത്തേക്ക് നയിക്കുമെന്ന ആശങ്കയിലാണ് പാശ്ചാത്യചേരി. രാജ്യത്തിന്റെ പൊതുകടം എഴുതി തള്ളുമെന്ന് സിറിസ തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിരുന്നു. 

പ്രധാനമന്ത്രി അന്റോണിയോ സമരാസ് ശമ്പളവും പെന്‍ഷനും സാമൂഹ്യക്ഷേമ പദ്ധതികളും വെട്ടിക്കുറച്ചത് ജനത്തെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രീസിന്റെ ആത്മാഭിമാനം തിരിച്ചുപിടിക്കാനായി രംഗത്ത് എത്തിയ ഇടതുമുന്നേറ്റത്തിന് ജനകീയപിന്തുണ ആര്‍ജിക്കാനായത്. സിപ്രാസ് അധികാരത്തിലെത്തിയാല്‍ 320 ബില്യന്‍ ഡോളറിന്റെ കടം തിരിച്ചടയ്ക്കില്ലെന്ന് ഐഎംഎഫ് ഭയക്കുന്നു.

തോല്‍വി അംഗീകരിച്ച പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ അന്റോണിസ് സമരാസ്, സിരിസ നേതാവ് അലക്്‌സി സിപ്രാസയെ അഭിനന്ദനമറിയിച്ചു.

 

This post was last modified on December 27, 2016 2:42 pm