X

ഹീറോസ് അല്ല, നമ്മുടെ ആരോഗ്യമേഖലയ്ക്ക് വേണ്ടത് നല്ല സെറ്റപ്പ്

പ്രൈവറ്റ് മേഖലയില്‍ കാര്യക്ഷമമായി, ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ഒരു കച്ചവടം തന്നെയാണ് ആരോഗ്യസേവനം

മനസ്സ് പറക്കുകയാണ് സുഹൃത്തുക്കളേ….പറക്കുകയാണ്. രണ്ടായിരത്തഞ്ച്. സ്ഥലം കോയിക്കോട് മാവൂര്‍ റോഡ് ആരംഭിക്കുന്ന ഇടത്ത്. പേരുകേട്ട സ്വകാര്യ ആശുപത്രിയില്‍ മൂന്ന് പ്ലാസ്റ്റിക് മൈക്രോ സര്‍ജന്‍മാരില്‍ ഏറ്റവും ഇളയവനായി ജോലിക്ക് കയറിയിരിക്കുകയാണ്. പ്ലാസ്റ്റിക് സര്‍ജറി എം.സി.എച്ച്. കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ നിന്ന് പാസായിട്ടേയുള്ളു.

ഉത്തരകേരളത്തില്‍ മൈക്രോ വാസ്‌കുലാര്‍ സര്‍ജറി സൗകര്യങ്ങളുള്ള ഒരേയൊരു കേന്ദ്രം  എന്ന നിലയ്ക്ക് ഭയങ്കര തിരക്കായിരുന്നു അവിടെ. കണ്ണൂരില്‍ നിന്നും മുറിഞ്ഞ വിരലുകളും, അറ്റുപോയ ശരീരഭാഗങ്ങളും, പരിക്കേറ്റ ഞരമ്പുകളും രക്തക്കുഴലുകളുമായി രോഗികള്‍ അവിരാമം പ്രവഹിച്ചു.

ഞങ്ങള്‍ രണ്ടുപേര്‍ ഒന്നരാടം ദിവസങ്ങള്‍ ഡ്യൂട്ടിയിലാണ്. ആറുമണിക്ക് ജോലിയെല്ലാം കഴിഞ്ഞ് പോകാനിരിക്കുകയാണ്. അതാ ഒരു വെട്ടുകേസ്. ഒരു കൈ മുഴുവന്‍ അറ്റു തൂങ്ങിക്കിടക്കുകയാണ്.

വേദനസംഹാരികള്‍ കൊടുത്തു. രക്തമെല്ലാം ടെസ്റ്റുകള്‍ക്കായി എടുത്തുകഴിഞ്ഞു. എക്‌സ്‌റേ എടുത്ത് ആ വഴിയേ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് കയറ്റി. നഴ്‌സുമാരും മറ്റും സദാ കൂടെയുണ്ട്. ഇതൊന്നും നമ്മള്‍ പറയേണ്ട ആവശ്യം തന്നെയില്ല. എല്ലാം മുറപോലെ നടന്നുകൊള്ളും.

ഡ്രസിംഗ് അഴിച്ചുനോക്കേണ്ട സാമഗ്രികളെല്ലാം റെഡിയാണ്. മുറിവ് പരിശോധിച്ച എനിക്ക് തോളിന്റവിടെയുള്ള ഒരു രക്തക്കുഴലില്‍ അള്‍ട്രാസൗണ്ട് ഉപയോഗിച്ച് ഡോപ്ലര്‍ സ്‌കാന്‍ എടുക്കണമെന്ന് തോന്നി. ഒരു ചതവുണ്ടവിടെ. പതിനഞ്ചുമിനിട്ടില്‍ അതു നടന്നു. അതു ചെയ്ത ഡോക്ടറുടെ കൂടെയിരുന്ന് സ്‌കാന്‍ കണ്ടു തന്നെ ചര്‍ച്ച നടത്തി.

മയക്കം കൊടുക്കാന്‍ സദാ സന്നദ്ധമായി അനസ്തീഷ്യ ഡോക്ടര്‍മാര്‍ ഉണ്ട്.

രോഗികളോടും കൂടെയുള്ളവരോടും സദാ സംസാരിച്ചുകൊണ്ടിരിക്കണം. നൂറു ചോദ്യങ്ങള്‍ കാണും. എല്ലാം സമാധാനം പറയണം. വേറെ കാര്യങ്ങളെല്ലാം പെട്ടെന്നു നടക്കുന്നതുകൊണ്ട്  അതിനൊക്കെ ധാരാളം സമയമുണ്ട്. കാശിന്റെ കാര്യങ്ങള്‍, ഇന്‍ഷ്വറന്‍സ് ഇതെല്ലാം നോക്കാന്‍  വേറെ ആസ്പത്രി ജോലിക്കാരുണ്ട്. അവരൊക്കെ ബന്ധുക്കളുമായി സംസാരിച്ചോളും.

ഇതുപോലെ ചെറുതും വലുതുമായ മൂന്നുനാലു ശസ്ത്രക്രിയകളെങ്കിലും എല്ലാ രാത്രിയിലും നടക്കും. പകലും നേരത്തെ വന്നേ പറ്റൂ.  ഉറക്കം നന്നേ കുറവ്. നൂറുകണക്കിന് കേസുകളാണ് ഓരോ മാസവും ചെയ്തുകൂട്ടിയത്. ഏകദേശം രണ്ടു കൊല്ലത്തോളം അവിടെ ജോലി ചെയ്യുകയും ചെയ്തു.

എന്നാല്‍ കാര്യമായ ശമ്പളമൊന്നുമില്ല. ജൂനിയര്‍ സര്‍ജന്‍ എന്ന നിലയ്ക്ക് എനിക്കാ പ്രൈവറ്റ് ആസ്പത്രിയില്‍ കിട്ടിയിരുന്നത് മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറിയില്‍ തുടക്കക്കാരനായി കയറിയിരുന്നെങ്കില്‍ കിട്ടിയേനെ. ജോലി പത്തിലൊന്ന് ചെയ്താല്‍ മതി.

ഞാനിത്രയും പറഞ്ഞ കാര്യങ്ങളില്‍ നിന്ന് അധികം സാമാന്യവല്‍ക്കരിക്കാന്‍ പറ്റില്ല. എങ്കിലും ചില കാര്യങ്ങള്‍ ഓര്‍ക്കട്ടെ.

വേണമെന്നു വച്ചാല്‍ ചില ആധുനിക മൈക്രോ സര്‍ജറി ചെയ്യാനും ആളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉണ്ട്. ശരിയായ ഒരു മൈക്രോസ്‌കോപ്പ് അന്നില്ല. ഉപകരണങ്ങള്‍ ഇല്ല. പലതും പുറത്തുനിന്നെഴുതി വാങ്ങിപ്പിക്കണം. നാലഞ്ച് സ്റ്റാഫ് ഡോക്ടര്‍മാരും  ആറ് ട്രെയിനി സര്‍ജന്‍മാരുമുള്ള പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന് കിട്ടുന്നത് ആഴ്ചയില്‍ രണ്ട് ടേബിള്‍ മാത്രം – ശസ്ത്രക്രിയ ചെയ്യാന്‍. അതും അനസ്തീഷ്യ കിട്ടുന്നത് രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ മാത്രം. നീളമുള്ള ശസ്ത്രക്രിയകളായതിനാല്‍ ഒരു സര്‍ജറി മാത്രമേ മിക്കവാറും ചെയ്യാന്‍ പറ്റൂ.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി വിഭാഗത്തില്‍ രാത്രി രണ്ട് ടേബിളേ ഉള്ളൂ. ഒരു അനസ്തീഷ്യ ഡോകടര്‍ മാത്രം ഉള്ളതിനാല്‍ ഒരു ടേബിളിലേ ശസ്ത്രക്രിയയെടുക്കാറുള്ളു. ആസന്ന മരണരായ രോഗികള്‍ കാത്തുകിടക്കുമ്പോള്‍ എന്ത് മുറിഞ്ഞ കൈ? എന്ത് അറ്റുപോയ വിരലുകള്‍? ഇതിനൊന്നും ഒരു നിവര്‍ത്തിയുമില്ല.

ചുരുക്കത്തില്‍, എട്ടുപത്ത് സര്‍ജന്‍മാര്‍ കൂടി ആഴ്ചയില്‍ മുക്കി മൂളി, കടം പറഞ്ഞ്, ഇടിച്ചുകയറി, കെഞ്ചി, കൈകാല്‍ പിടിച്ച് അധിക ടേബിളുകള്‍ വാങ്ങിച്ചെടുത്ത് ചെയ്യുന്നത് അഞ്ചോ ആറോ കേസുകള്‍. കാത്തുകിടക്കുന്ന രോഗികളോ അമ്പതും അറുപതും.

ലോകവ്യാപകമായി പഠനങ്ങള്‍ നടന്നിട്ടുണ്ട്; ജോലിസ്ഥലത്തെ തൃപ്തി അളക്കാനായിട്ട്. എല്ലാ പഠനങ്ങളും പറയുന്നത് ഉദ്യോഗാര്‍ത്ഥികളെ ഒരു ജോലിയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യങ്ങളില്‍ വേതനത്തിന് ചെറിയ ഒരു റോളേ ഉള്ളൂ എന്നാണ്.

*നമ്മള്‍ പഠിച്ച, നിപുണത ലഭിച്ച കാര്യം  സുഗമമായി വല്യ തടസ്സങ്ങളില്ലാതെ ചെയ്യാന്‍ സാധിക്കണം.
*സ്വയം വളരാനും കാര്യങ്ങള്‍ നിശ്ചയിക്കാനും സാധിക്കണം. ഇതൊക്കെ കഴിഞ്ഞേ പണത്തിന് സ്ഥാനമുള്ളു.

ചുരുക്കം ചില ഹീറോകള്‍ക്ക് വ്യവസ്ഥിതിയെ നന്നാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. നല്ല വ്യവസ്ഥിതികള്‍ ഉണ്ടായാല്‍ അധികം  ഹീറോകളൊന്നും വേണ്ട. സാധാരണ മനുഷ്യര്‍ നല്ല കാര്യപ്രാപ്തിയോടെ ജോലി ചെയ്ത് സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം ഉണ്ടാകും.

സെറ്റപ്പാണ് വേണ്ടത്. സെറ്റപ്പില്ലെങ്കില്‍ ഹീറോകള്‍ സീറോകളാകും. One cannot replace syatem with heroes. സെറ്റപ്പുണ്ടാക്കാന്‍ ഹീറോകള്‍ വേണ്ടിവരും. പുതിയ സര്‍ക്കാരിന് നല്ല സെറ്റപ്പുകള്‍ ഉണ്ടാക്കാന്‍ കഴിയട്ടെ. അപ്പോള്‍ ഗെറ്റപ്പുണ്ടാകും.

നല്ല സെറ്റപ്പില്‍ ജോലി ചെയ്യാന്‍ യുവാക്കള്‍ തിക്കിത്തിരക്കിവരും. ഇപ്പോള്‍ കാര്യങ്ങള്‍ കുറേ ഭേദപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. അതുകൊണ്ടുതന്നെ വളരെയധികം ഉദ്യോഗാര്‍ത്ഥികളായി ഡോക്ടര്‍മാര്‍ നിയമനം കാത്തുകഴിയുന്നു.

ഡോക്ടര്‍മാരുടെ ക്ഷമാവും ഒരു കുന്തവുമില്ല. സെറ്റപ്പിനാണ് ക്ഷാമം.

പ്രൈവറ്റില്‍ നല്ല സെറ്റപ്പുള്ളതുകൊണ്ടു കൂടിയാണ് അവിടെ ജോലി ചെയ്യാന്‍ ഡോക്ടര്‍മാരുടെ ഇടി. പ്രൈവറ്റില്‍ ജോര്‍ജ്ജുകുട്ടി കൂടുതല്‍ കിട്ടും. പക്ഷേ രോഗികളുടെ പോക്കറ്റില്‍ നിന്നും ജോര്‍ജ്ജുകുട്ടി നന്നായി ഇറങ്ങും.

പ്രൈവറ്റ് മേഖലയില്‍ കാര്യക്ഷമമായി, ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ഒരു കച്ചവടം തന്നെയാണ് ആരോഗ്യസേവനം. സ്ഥാപനമേലാളന്‍മാരുടെ ജോലിക്കാരാണ് അടിസ്ഥാനപരമായി ഡോക്ടര്‍മാര്‍. അതുകൊണ്ട് തന്നെ ഒരു ഡോക്ടറിന് സ്ഥാപന നടത്തിപ്പിലോ മറ്റു കാര്യങ്ങളിലോ യാതൊരു നിയന്ത്രണവും ഇല്ല. വരുന്ന രോഗിയെ മനസ്സാക്ഷിക്കനുസരിച്ച് പരിചരിക്കുക എന്നതു മാത്രമാണ് ഡോക്ടറുടെ മുന്നിലെ വഴി. മനസ്സാക്ഷി, തീരുമാനങ്ങള്‍, ശാസ്ത്രം, ഇതിനെയെല്ലാം മാനേജ്‌മെന്റ് കണ്ണുകളിലൂടെ ഒടിച്ചുമടക്കി അകത്താക്കാന്‍ ശ്രമിക്കുന്ന ആ സെറ്റപ്പുകള്‍ക്ക് വേണ്ടത് വേറെ ഒരു കൂട്ടം മരുന്നുകളാണ്. വേണ്ടത് ഒരു സമവായമാണ്.

എന്തൊക്കെയാണ് കേരളത്തിന്റെ ആവശ്യങ്ങള്‍? മുട്ടിനു മുട്ടിന് മെഡിക്കല്‍ കോളേജുകള്‍ മുക്കിത്തൂറ്റിച്ച് ഉണ്ടാക്കണോ?

പ്രൈവറ്റ് ആസ്പത്രിയേയും മെഡിക്കല്‍ കോളേജുകളേയും കാര്യക്ഷമതയെ പ്രയോജനപ്പെടുത്തി എങ്ങനെ നിയന്ത്രിക്കാം? സാധാരണക്കാര്‍ക്ക് അവശ്യചികിത്സയും സാധാരണക്കാരുടെ കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസവും എങ്ങനെ ലഭ്യമാക്കാം? സര്‍ക്കാര്‍ ആരോഗ്യവ്യവസ്ഥയുടെ റോള്‍ എന്ത്? എന്തൊക്കെ ചികിത്സകള്‍ ഒരു ഘട്ടം വരെ ലഭ്യമാക്കാന്‍ പ്രായോഗികമായി സാധിക്കും?

സ്വകാര്യമേഖലയെ സാമൂഹികമായി പൊതു ആരോഗ്യരംഗത്ത് കുറേക്കൂടി എങ്ങനെ പ്രയോജനപ്പെടുത്താം?

പണ്ടെന്റെയൊരു സഹപാഠി പറഞ്ഞു:

എടാ പരീക്ഷയില്‍ ചോദ്യങ്ങള്‍ വളരെ സിമ്പിളാര്‍ന്ന്.

ഉത്തരങ്ങള്‍ ഭയങ്കര പാടും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

This post was last modified on January 5, 2018 10:14 am