X

നിങ്ങള്‍ ലോകത്തിന് മുന്നില്‍ മുഴുവന്‍ ഇന്ത്യക്കാരെയും കള്ളന്മാരാക്കി: മോദിയോട് ശിവസേന

അഴിമുഖം പ്രതിനിധി

നോട്ട് നിരാധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന. മോദിയുടെ വികാരപ്രകടനം കൊണ്ട് കാര്യമില്ലെന്നും ആദ്യം ജനങ്ങളുടെ കണ്ണീര് തുടയക്കാനും ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ആദ്യം ജനങ്ങള്‍ കരയാന്‍ ഇടവരുത്തരുതെന്ന് ഉറപ്പുവരുത്തണം. ഈ മനുഷ്യരൊക്കെ ഒരുപാട് പ്രതീക്ഷകളോടെയാണ് താങ്കളെ തെരഞ്ഞെടുത്തത്. എന്നാല്‍ താങ്കള്‍ ഇപ്പോള്‍ അവരെ കരയിപ്പിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ഗൗരവമായെടുക്കണമെന്നും താക്കറെ വ്യക്തമാക്കി.

 

125 കോടി ജനങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ പ്രധാനമന്ത്രി സ്വന്തം നിലയ്ക്ക് മാത്രം തീരുമാനമെടുത്താല്‍ പോരെന്നും മറ്റുള്ളവരുമായി കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 93 ശതമാനം ജനങ്ങള്‍ നടപടിയെ പിന്തുണച്ചു എന്ന മോദിയുടെ ആപ്പ് സര്‍വെയുടെ ആധികാരികതയെക്കുറിച്ചും താക്കറെ സംശയമുന്നയിച്ചു. ബ്രെക്‌സിറ്റ് വിഷയത്തില്‍ ജനം എതിരായി വോട്ട് ചെയ്തപ്പോള്‍ ഇംഗ്ലണ്ടില്‍ പ്രധാനമന്ത്രി രാജി വച്ചു. ഇവിടെ താങ്കള്‍ അതിനു തയാറാണോ? അല്ലെങ്കില്‍ ഇത്തരം സര്‍വെ കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഈ രാജ്യത്തെ സര്‍ക്കാര്‍ തങ്ങളുടെയല്ലെന്നാണ് ഇപ്പോള്‍ ജനത്തിന് തോന്നിത്തുടങ്ങിയിരിക്കുന്നതെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. അതുപോലെ ഇവിടുത്തെ ജനങ്ങള്‍ തങ്ങളുടെയല്ലെന്നാണ് സര്‍ക്കാരിന്റെ മനോഭാവവും. ലോകത്തിനു മുന്നില്‍ മുഴുവന്‍ ഇന്ത്യക്കാരേയും കള്ള•ാരായി ചിത്രീകരിക്കുന്നതായിരുന്നു സര്‍ക്കാരിന്റെ നടപടിയെന്നും പറഞ്ഞ താക്കറെ സര്‍ക്കാരിനെതിരെ കടുത്ത നിലപാടിലേക്ക് പോകാന്‍ ശിവസേനയ്ക്ക് മടിക്കില്ലെന്നും വ്യക്തമാക്കി.

 

 

This post was last modified on December 27, 2016 4:48 pm