X

മോദിയെ വിമര്‍ശിച്ചതിന് മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് നിരോധനം

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നുവെന്നുവെന്ന് ആരോപിച്ച് മദ്രാസ് ഐഐടിയിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ് സര്‍ക്കിളിനെ നിരോധിച്ചു. കേന്ദ്ര മനുഷ്യ വിഭവ വികസന മന്ത്രാലയത്തിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹിന്ദി ഉപയോഗിക്കുന്നതിനേയും ഗോവധ നിരോധനത്തേയും അടക്കമുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ എസ്‌സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ പ്രചാരണം നടത്തുന്ന സംഘടനയാണ് എ പി എസ് സി. ഊമക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് മെയ് 15-ന് കേന്ദ്ര സര്‍ക്കാരിലെ അണ്ടര്‍ സെക്രട്ടറിയായ പ്രിസ്‌കാ മാത്യു ഐഐടി ഡയറക്ടര്‍ക്ക് കത്തെഴുതിയിരുന്നു. ഒരാഴ്ചയ്ക്കുശേഷം എ പി എസ് സിയുടെ അംഗീകാരം റദ്ദാക്കുന്നുവെന്ന് അറിയിച്ചു കൊണ്ട് ഐഐടി ഡീനായ ശിവകുമാര്‍ എം ശ്രീനിവാസന്‍ സംഘടനയ്ക്ക് ഇമെയില്‍ സന്ദേശം നല്‍കുകയായിരുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി സ്വീകരിച്ച എച്ച്ആര്‍ഡി മന്ത്രാലയത്തിന്റേയും ഐഐടിയുടേയും തീരുമാനത്തിന് എതിരെ എ പി എസ് സി അംഗങ്ങള്‍ പ്രതിഷേധിച്ചു.

This post was last modified on December 27, 2016 3:10 pm