X

കർണാടകത്തിൽ ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസ്’ കുതിരക്കച്ചവടം നടക്കുന്നതായി ഡികെ; മൂന്ന് എംഎൽഎമാർ മുംബൈയിലെ ഹോട്ടലിൽ

അടുത്ത മകരസംക്രാന്തിക്കു ശേഷം 'ക്രാന്തി' (വിപ്ലവം) നടക്കുമെന്നാണ് ബിജെപി പറയുന്നത്.

കർണാടകത്തിൽ ബിജെപിയുടെ കുതിരക്കച്ചവടത്തിന് ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി കൂട്ടു നിൽകുകയാണെന്നാരോപിച്ച് കോൺഗ്രസ്സ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാർ രംഗത്ത്. കോൺഗ്രസ്സ്-ജെഡിയു സഖ്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മൂന്ന് കോൺഗ്രസ്സ് എംഎൽഎമാരെ ബിജെപി മുംബൈയിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണെന്നും അവർക്ക് എന്താണ് ഓഫർ ചെയ്തിട്ടുള്ളതെന്ന വിവരം തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഘട്ടത്തിൽ ബിജെപിയുടെ കുതിരക്കച്ചവടത്തിൽ നിന്നും രക്ഷനേടാൻ എംഎൽഎമാരെ ഒളിച്ചു പാർപ്പിക്കേണ്ടി വന്നിരുന്നു കോൺഗ്രസ്സിന്. പിന്നീട് കോൺഗ്രസ്സും ജെഡിയുവും ചേർന്നുള്ള സഖ്യസർക്കാർ നിലവിൽ വന്നെങ്കിലും കോൺഗ്രസ്സിനെക്കുറിച്ചുള്ള പരാതികൾ ഒഴിഞ്ഞ സമയമില്ല കുമാരസ്വാമിക്ക്. കോൺഗ്രസ്സ് തന്നെ ക്ലർക്കിനെപ്പോലെ പണിയെടുപ്പിക്കുകയാണെന്ന് കഴിഞ്ഞദിവസം കുമാരസ്വാമി ആരോപിച്ചിരുന്നു.

ചില ബിജെപി നേതാക്കൾക്കൊപ്പമാണ് കോൺഗ്രസ്സ് എംഎൽഎമാർ മുംബൈയിലെ ഹോട്ടലിലുള്ളതെന്ന് ഡികെ ശിവകുമാർ ആരോപിച്ചു. യെദ്യൂരപ്പയുടെ കാലത്ത് ബിജെപി നടത്തിയ കുതിരക്കച്ചവടത്തിന്റെ പേരാണ് ‘ഓപ്പറേഷൻ ലോട്ടസ്’. ഇതിനെ സൂചിപ്പിച്ചാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെ ശിവകുമാർ വിശദീകരിക്കുന്നത്.

കർണാടക മുഖ്യമന്ത്രി കുമാരസ്വാമി ബിജെപിയോട് ചാഞ്ഞു കൊണ്ടിരിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് ശിവകുമാർ ഉയർത്തുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗൂഢാലോചനകളെപ്പറ്റി കുമാരസ്വാമിക്ക് നന്നായറിയാം. അദ്ദേഹത്തോട് എംഎൽഎമാർ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ശിവകുമാർ പറയുന്നു. കാത്തിരുന്ന് കാണാം എന്ന നിലപാടാണ് കുമാരസ്വാമി എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. താനായിരുന്നു കുമാരസ്വാമിയുടെ സ്ഥാനത്തെങ്കിൽ ഇതിനെ 24 മണിക്കൂറിനുള്ളിൽ പൊളിച്ചു കൊടുത്തേനെ.

അടുത്ത മകരസംക്രാന്തിക്കു ശേഷം ‘ക്രാന്തി’ (വിപ്ലവം) നടക്കുമെന്നാണ് ബിജെപി പറയുന്നത്. കൂറുമാറ്റനിരോധന നിയമം നിലവിലുണ്ടെന്നും ആ വിപ്ലവം അത്ര എളുപ്പത്തിൽ നടക്കില്ലെന്നും ശിവകുമാർ പറയുന്നു.

This post was last modified on January 14, 2019 1:44 pm