X

ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എബിവിപിക്കാരെ തടഞ്ഞ് അധ്യാപകരുടെ മനുഷ്യച്ചങ്ങല; സംഘര്‍ഷം തുടരുന്നു

എബിവിപി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോയെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് പ്രതിഷേധിച്ചത് ക്യാംപസിലെ സംഘര്‍ഷം രൂക്ഷമാക്കുകയായിരുന്നു.

കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും എബിവിപിയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. എബിവിപി പ്രവര്‍ത്തകരെ പൊലീസ് ഗേറ്റിന് പുറത്ത് തടഞ്ഞു. അധ്യാപകരും ഇടത് വിദ്യാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ട് എബിവിപി മാര്‍ച്ചിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു. എബിവിപി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോയെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് പ്രതിഷേധിച്ചത് ക്യാംപസിലെ സംഘര്‍ഷം രൂക്ഷമാക്കുകയായിരുന്നു.

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലാദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്ര ശക്തമായ പിന്തുണയുമായി അധ്യാപകര്‍ സമരരംഗത്തിറങ്ങുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ ദ വയറിനോട് പറഞ്ഞു. ബാബുള്‍ സുപ്രിയോയെ ഇടത് വിദ്യാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തു എന്നാണ് സുപ്രിയോയുടെ ആരോപണം. ഇടതുപക്ഷക്കാരും തൃണമൂല്‍ കോണ്‍ഗ്രസുമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സുപ്രിയോ ആരോപിക്കുന്നത്. എബിവിപി പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.

ഗവര്‍ണര്‍ എത്തിയാണ് ബാബുള്‍ സുപ്രിയോയെ കൊണ്ടുപോയത്. അതേസമയം വിദ്യാര്‍ത്ഥികള്‍ ബാബുള്‍ സുപ്രിയോയ്‌ക്കെതിരെയും കേസ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി സംസാരിച്ചു എന്നതടക്കമുള്ള പരാതികള്‍ ബാബുള്‍ സുപ്രിയോയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്.

This post was last modified on September 23, 2019 9:28 pm