ഇന്ത്യൻ ബാങ്കിന്റെ 13,000 കോടി രൂപ തട്ടിയെടുത്ത് ലണ്ടനിൽ ഒളിവിൽ കഴിയുന്ന ഇന്ത്യൻ ബിസിനസ്സുകാരൻ നീരവ് മോദി സ്ഥലം വിട്ടേക്കുമെന്ന് സിബിഐക്ക് ആശങ്ക. ദി ടെലഗ്രാഫ് പത്രം നീരവ് മോദിയുടെ വാസസ്ഥലത്തു ചെന്ന് അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ ശ്രമിച്ചതിനു പിന്നാലെയാണ് സിബിഐ ഈ ആശങ്കയോടെ ബ്രിട്ടനെയും ഇന്റർപോളിനെയും സമീപിച്ചിരിക്കുന്നത്. മോദിയെ ഉടൻ അറസ്റ്റ് ചെയ്യാൻ നടപടിയെടുക്കണമെന്ന് ഇരുകൂട്ടരോടും സിബിഐ ആവശ്യപ്പെട്ടു.
അറസ്റ്റിൽ നിന്നും രക്ഷപ്പെടാനായി ലണ്ടനിലേക്ക് കടന്ന കുറ്റവാളിയെന്ന നിലയിൽ ഇന്ത്യ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് പരിരണിക്കണമെന്നും നീരവിനെ അറസ്റ്റ് ചെയ്യണമെന്നുമാണ് സിബിഐയുടെ ആവശ്യം.
മറ്റേതെങ്കിലും പേരിൽ നീരവ് മോദി രാജ്യം വിടില്ലെന്ന് ഉറപ്പാക്കാൻ യുകെ ഇന്റർപോൾ തയ്യാറാകണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
നീരവ് മോദി രാജ്യത്തുണ്ടെന്ന് യുകെയും ഇന്റർപോളും 2018 ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയെ അറിയിച്ചിരുന്നതാണ്. എന്നാൽ ഇയാൾ യുകെയിൽ എവിടെയുണ്ടെന്ന് കൃത്യമായി തങ്ങൾക്കറിയില്ലെന്നായിരുന്നു വിശദീകരണം. ദി ടെലഗ്രാഫിന്റെ റിപ്പോർട്ടോടെ മോദിയുടെ വാസസ്ഥലം കൃത്യമായി പുറത്തു വന്നിരിക്കുകയാണ്.
നീരവ് മോദി ഇടക്കിടെ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്സിലുമെല്ലാം പോകാറുണ്ടെന്ന് ഇന്ത്യൻ അന്വേഷണ ഏജൻസിക്ക് വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞവർഷം ഫ്രാൻസ്, ഹോങ്കോങ്, ബെൽജിയം, യുഎസ് എന്നിവിടങ്ങളിൽ നീരവ് എത്തിയിരുന്നു. ഇയാൽ ഉപയോഗിക്കുന്ന എല്ലാ യാത്രാരേഖകളും പിടിച്ചെടുക്കണമെന്ന ഇന്ത്യയുടെ ആവശ്യവും സിബിഐ അറിയിച്ചിട്ടുണ്ട്.
This post was last modified on March 10, 2019 4:27 pm
Leave a Comment