X

‘ദി ക്വിന്റ്’, ‘നെറ്റ്‌വര്‍ക്ക് 18’ സ്ഥാപകന്‍ രാഘവ് ബാഹലിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ്

ദി ക്വിന്റ്, നെറ്റ്‍വര്‍ക്ക് 18 എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ് ബാഹല്‍. നെറ്റ്‌വര്‍ക്ക് 18 പിന്നീട് റിലയന്‍സ് ഏറ്റെടുക്കുകയുണ്ടായി.

ദി ക്വിന്റ് വാര്‍ത്താ പോര്‍ട്ടല്‍‍ സ്ഥാപകന്‍ രാഘവ് ബാഹലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ്. കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. വെളിപ്പെടുത്താത്ത വിദേശ ആസ്തി സംബന്ധിച്ച് ബാഹലിനെതിരെ ആദായനികുതി വകുപ്പ് എടുത്തിരുന്ന കേസിനെ പിന്‍പറ്റിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.

2.38 കോടി രൂപ ചെലവിട്ട് ബാഹല്‍ ലണ്ടനില്‍ വാങ്ങിയ ആസ്തിയിന്മേലാണ് ഇരു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സംശയം. തനിക്കെതിരായ ആരോപണങ്ങളെ ബാഹല്‍ നിഷേധിച്ചു.

ദി ക്വിന്റ്, നെറ്റ്‍വര്‍ക്ക് 18 എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ് ബാഹല്‍. നെറ്റ്‌വര്‍ക്ക് 18 പിന്നീട് റിലയന്‍സ് ഏറ്റെടുക്കുകയുണ്ടായി. ഈ ഏറ്റെടുക്കലിനു ശേഷം 2015 ജനുവരി മാസത്തില്‍ രാഘവ് ബാഹലും റിതു കപൂറും ചേര്‍ന്ന് സ്ഥാപിച്ചതാണ് ദി ക്വിന്റ്.

എല്ലാ നികുതികളും സത്യസന്ധമായി അടയ്ക്കാറുള്ള തനിക്കെതിരെയുള്ള ഈ നീക്കത്തിനെതിരെ ബാഹല്‍ പ്രതികരിച്ചു. താനോ തന്റെ ബിസിനസ് സ്ഥാപനങ്ങളോ ഏതെങ്കിലും തരത്തിലുള്ള ബാധ്യതകള്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുമില്ലെന്നും അദ്ദേഹം ധനമന്ത്രി നിര്‍മല സീതാരാമനയച്ച കത്തില്‍ വ്യക്തമാക്കി. ആദായനികുതി വകുപ്പ് നല്‍കിയ നോട്ടീസിലെ നിയമപ്രശ്നങ്ങള്‍ക്ക് തന്റെ ആദായനികുതി റിട്ടേണുകള്‍ തന്നെയാണ് മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നോട്ടീസിനെ അലഹബാദ് ഹൈക്കോടതിയില്‍ ഒരു റിട്ട് പെറ്റീഷനിലൂടെ താന്‍ ചോദ്യം ചെയ്തിട്ടുള്ളതായും ബാഹല്‍ പറഞ്ഞു. കള്ളപ്പണക്കാരെ പിടികൂടാനുള്ള സര്‍ക്കാരിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നിഷ്കളങ്കരെ വേട്ടയാടാനുള്ള ഉപകരണമാക്കി മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം തന്റെ കത്തില്‍ പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാനുള്ള അവസരങ്ങളെ അത് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. നീതിന്യായ വ്യവസ്ഥയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താനേ ഇത്തരം നീക്കങ്ങള്‍ കൊണ്ട് സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ രംഗത്ത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന് ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന സ്ഥാപനമാണ് ദി ക്വിന്റ്. എന്‍ഡിഎ സര്‍ക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ ഈ സ്ഥാപനം പ്രസിദ്ധീകരിച്ചിരുന്നു.

This post was last modified on June 8, 2019 8:29 am