X

ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അധികൃതരുടെ ‘ഷൂട്ടിംഗ് ലൈസന്‍സ്’

ക്യാമ്പസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതരെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ മുറികളില്‍ വരെ നിരീക്ഷണം നടത്തുമെന്ന ഭീഷണിയാണ് സര്‍വകലാശാല മുന്നോട്ട് വയ്ക്കുന്നത്.

ക്യാമ്പസില്‍ പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്ന് നിലപാട് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇത് അവഗണിച്ച് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ 500ലധികം വിദ്യാര്‍ത്ഥികള്‍ ഇന്നലെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ‘നിയമവിരുദ്ധ’ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പകര്‍ത്താനും ഫോട്ടോകള്‍ എടുക്കാനും ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സര്‍വകലാശാല. ഇതിനായി പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കാനാണ് നിര്‍ദ്ദേശം. 10 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയതതിനെതിരെയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി സമരം നടക്കുന്നത്.

അതേസമയം സര്‍ക്കുലറിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തുണ്ട്. സംശയകരമായ പ്രവര്‍ത്തനങ്ങള്‍, സംശയകരമായ സാഹചര്യങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. എതിര്‍പ്പും വിയോജിപ്പുകളും ഉയര്‍ത്തി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ഭീകരരായാണ് സര്‍വകലാശാല അധികൃതര്‍ കാണുന്നതെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ കുറ്റപ്പെടുത്തി. ഈ വിഷയം ശക്തമായി മുന്നോട്ട് വയ്ക്കുമെന്നും അതേസമയം പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കുക എന്നത് തന്നെയാണ് പ്രധാന ആവശ്യമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി ആരിഫ് അഹമ്മദ് പറയുന്നു. വ്യാജ ആരോപണത്തിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. പിജി വിദ്യാര്‍ത്ഥികളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. അവരുടെ പരീക്ഷ അടുത്തയാഴ്ച തുടങ്ങും. ഇത്തവണ പരീക്ഷ എഴുതാനായില്ലെങ്കില്‍ അവര്‍ക്ക് ഒരു വര്‍ഷം നഷ്ടമാകും.

ക്യാമ്പസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതരെന്ന് എന്‍ എസ് യു ഐ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ മുറികളില്‍ വരെ നിരീക്ഷണം നടത്തുമെന്ന ഭീഷണിയാണ് സര്‍വകലാശാല മുന്നോട്ട് വയ്ക്കുന്നത്. പ്രതിഷേധ സ്ഥലമായ വെലിവാദയ്ക്ക് സമീപം നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് എത്തിയത്. പൊലീസുകാരും സുരക്ഷാ ഉദ്യാഗസ്ഥരുമായി 150 ഓളം പേരെ വിന്യസിച്ചിരുന്നു. അതേസമയം മൂന്ന് മണിക്കൂര്‍ നേരത്തെ പ്രതിഷേധ പരിപാടി സമാധാനപരമായിരുന്നു. സസ്‌പെന്‍ഷന്‍ ഉത്തരവും വൈസ് ചാന്‍സലര്‍ അപ്പാ റാവു പൊഡിലയുടെ കോലവും കത്തിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

This post was last modified on November 11, 2017 3:19 pm