കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലെ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 9.30ന് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. ടെര്‍മിനലിന്റെ ഉദ്ഘാടനവും രാവിലെ ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നതിനാല്‍ പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്‌കരിച്ചിരുന്നു. മുന്‍മുഖ്യമന്ത്രിമാരെ വിളിക്കാത്തതില്‍ ആദ്യ യാത്രയില്‍ തന്നെ വിമാനത്തിനുള്ളില്‍ പ്രതിഷേധവും ഉയര്‍ന്നു. യാത്രക്കാരില്‍ ഒരാളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദ്യ വിമാനത്തിലെ യാത്രക്കാരനായ നാദാപുരം സ്വദേശി ഫൈസല്‍ ആണ് പ്രതിഷേധവുമായെത്തിയത്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ രാജശില്‍പി ഉമ്മന്‍ ചാണ്ടിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുന്നു എന്നെഴുതിയ പോസ്റ്ററുമായാണ് ഫൈസല്‍ വിമാനത്തില്‍ കയറാനെത്തിയത്.
അബുദാബിയിലേക്കാണ് കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം. രാവിലെ പത്തിന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് ഇവിടുന്ന് തിരിക്കും. രാത്രി 8.20ന് തിരികെയെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും. പിന്നീട് മസ്‌കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.
തുടക്കത്തില്‍ ആഴ്ചയില്‍ നാല് ദിവസമുള്ള ഷാര്‍ജ സര്‍വീസ് പിന്നീട് എല്ലാ ദിവസവുമാക്കാനും എയര്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. 1998ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കമ്മിഷന്‍ ചെയ്തത്. അന്നത്തെ ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
This post was last modified on December 9, 2018 11:40 am
Leave a Comment